വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളില്‍ വിദഗ്ധപരിശോധനയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍. മേപ്പാടി ദുരിതബാധിത പ്രദേശങ്ങൾ ഇന്ന് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ അഞ്ചംഗ വിദഗ്ധസംഘം സന്ദർശിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിക്കുന്നത്. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തും. വിദഗ്ധപരിശോധനക്കുശേഷം സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.
ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണു സംഭവിച്ചതെന്നും സംഘം പഠിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 2005ലെ ദുരന്തനിവാരണ അതോറിറ്റി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി കെ ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
അതേസമയം ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജനും ഒ ആർ കേളുവും അറിയിച്ചു. കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങൾ താമസിക്കാൻ പറ്റുന്നതാണോ എന്നതു സംബന്ധിച്ചു ശാസ്ത്രീയമായ പരിശോധനകൾ നടത്തും.
പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കും. വാടക സംബന്ധിച്ച നയം സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി അംഗങ്ങളായ ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കുക.
കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ചൊവ്വാഴ്ചയും മലപ്പുറം ജില്ലയിലെ ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ശേഖരിച്ച ഡി എൻ എ. സാമ്പിളുകളുടെ ഫലം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. കാണാതായവരുടെ 90 ബന്ധുക്കളിൽനിന്നുള്ള രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയും ക്രോസ് മാച്ച് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്യാമ്പുകളിലൂടെ 1172 സർട്ടിഫിക്കറ്റുകൾ നൽകി.
തിങ്കളാഴ്ചത്തെ തെരച്ചിലിൽ ഒരു മൃതദേഹവും രണ്ടു ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹവും ഒരു ശരീരഭാഗവും നിലമ്പൂരിൽനിന്നാണ് ലഭിച്ചത്. ഇതുവരെ 231 മൃതദേഹങ്ങൾ കണ്ടെത്തി. 178 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.