KERALA

യുപിഐ കുരുക്ക്: നിശ്ചലമാകുന്ന ബാങ്ക് അക്കൗണ്ടുകള്‍; തെറ്റുപറ്റുന്നത് ആര്‍ക്ക്?

അക്കൗണ്ട് മരവിപ്പിക്കപ്പെട്ട കേസുകളില്‍ പ്രവാസിയെന്നോ കൂലിത്തൊഴിലാളിയെന്നോ കച്ചവടക്കാരനെന്നോ വിദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ല

മുഹമ്മദ് റിസ്‌വാൻ

പ്രവാസിയായ തൊടുപുഴ സ്വദേശി ഇല്യാസില്‍നിന്നു കടം വാങ്ങിയ 77,000 രൂപ തൃശൂരിലെ സുഹൃത്ത് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിള്‍പേ വഴി തിരിച്ചുനല്‍കിയത്. അക്കൗണ്ടിലെത്തിയ പണം, കടം വാങ്ങിയവര്‍ക്ക് തിരികെ നല്‍കുന്നതിനായി നാട്ടിലുള്ള സുഹൃത്തിന് ഇല്യാസ് കൈമാറി. ഇത്തരത്തില്‍ പണം ലഭിച്ച ഇല്യാസിന്റെ സഹോദരിയുടെ ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഇല്യാസിനും പണം ലഭിച്ച അഞ്ചുപേര്‍ക്കും ഒരുപിടിയുമുണ്ടായിരുന്നില്ല.

ഒടുവില്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് മനസിലായത് ഹരിയാനയിലെ കുരുക്ഷേത്ര സൈബര്‍ പോലീസ് സ്റ്റേഷനിലുള്ള പരാതിയുടെ പേരിലാണ് തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതെന്ന്. കുരുക്ഷേത്ര സ്‌റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ കൃത്യമായൊരു മറുപടി ലഭിച്ചില്ല, നേരിട്ടുനല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ തന്റെ അക്കൗണ്ടിലേക്ക് പണമയച്ച തൃശൂരിലുള്ള സുഹൃത്തിന്റെ അക്കൗണ്ട് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഇല്യാസ് പറയുന്നു.

ഒറ്റപ്പെട്ട അനുഭവമല്ല ഇല്യാസിന്റേത്. സംസ്ഥാനത്ത് നൂറുകണക്കിനു പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിച്ചിരിക്കുന്നത്. മിക്കയിടത്തും വില്ലന്‍ യുപിഐ പേയ്‌മെന്റ് സംവിധാനം തന്നെ. പരാതികളേറെയും ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ്.

പരാതി ലഭിച്ചെന്നോ സംശയമുണ്ടെന്നോ പറഞ്ഞ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കിനും മറ്റാര്‍ക്കും അധികാരമില്ല. അതിന് കോടതിയുടെ നിര്‍ദേശമോ ഉത്തരവോ കൂടിയേ തീരു
ധനകാര്യ വിദഗ്ധന്‍ വി കെ പ്രസാദ്

പത്തിരി വിറ്റ തുക യുപിഐ ഇടപാടിലൂടെ വാങ്ങിയതിന്റെ പേരില്‍ വെട്ടിലായ ആലപ്പുഴക്കാരന്‍ ഇസ്മായിലും കൂട്ടുകാരനായച്ച തുക കൈപ്പറ്റിയ കൊടുങ്ങല്ലൂരിലെ വിദ്യാര്‍ത്ഥിയുമെല്ലാം വലിയ പട്ടികയിലെ ചില പേരുകള്‍ മാത്രമാണ്. കാര്യം അന്വേഷിച്ച് ബാങ്കിലെത്തിയവര്‍ക്ക് ആകെ ലഭിച്ചത് അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിന്റെ ഒരു നമ്പര്‍ മാത്രം. എന്താണ് തങ്ങളുടെ അക്കൗണ്ടിന് സംഭവിച്ചതെന്ന് ബാങ്ക് അധികൃതരോട് ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തുകയാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

സാമ്പത്തിക തട്ടിപ്പിന് ഇരകളാകുന്നവര്‍ക്ക് എന്തുകൊണ്ടും ആശ്രയിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. അതുകൊണ്ട് തന്നെ പോര്‍ട്ടലിനെ കുറ്റം പറയാന്‍ സാധിക്കില്ല
ഡോ. വിനോദ് ഭട്ടതിരിപ്പാട്

പല തവണ കയറിയിറങ്ങിയിട്ടും ആദ്യം വിവരം തരാന്‍ തയ്യാറാകാത്ത ബാങ്കുകളുമുണ്ട് ഇക്കൂട്ടത്തില്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കൊച്ചിയിലെ ശാഖയില്‍നിന്ന് തന്റെ അക്കൗണ്ടിലേക്ക് സുഹൃത്ത് പണം അയച്ചതിന് പിന്നാലെയാണ് ഷഫ്ലയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നത്. "കടം നല്‍കിയിരുന്ന 42,000 രൂപയായിരുന്നു അക്കൗണ്ടിലെത്തിയത്. കാര്യമെന്തെന്ന് അറിയാനായി ബാങ്കിനെ സമീപിച്ചപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. മൂന്ന് തവണയാണ് എന്തെങ്കിലുമൊരു വിവരം ലഭിക്കാന്‍ കയറിയിറങ്ങിയത്. പിന്നീട് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെയാണ് മഹാരാഷ്ട്ര പോലീസ് സാമ്പത്തിക ക്രമക്കേടിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതും അതിന്റെ കേസ് നമ്പറും നല്‍കാന്‍ തയ്യാറായതും. അക്കൗണ്ടിലേക്ക് വന്ന ഏതോ ഒരു 1710 രൂപയായിരുന്നു പ്രശ്‌നം. എന്നാല്‍ അത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍നിന്ന് വന്ന തുകയിലുള്ളതാണോ എന്നുപോലും വ്യക്തമാക്കാന്‍ ഫെഡറല്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല,'' ഷഫ്ലയുടെ ഭര്‍ത്താവ് നിസാല്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

അക്കൗണ്ട് മരവിപ്പിച്ചത്തിന്റെ കാരണമറിയാൻ നിയമപരമായി നോട്ടീസ് നൽകിയതിന് പിന്നാലെ അക്കൗണ്ട് പ്രവർത്തനക്ഷമമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ഇത്തരത്തില്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട കേസുകളില്‍ പ്രവാസിയെന്നോ കൂലിത്തൊഴിലാളിയെന്നോ കച്ചവടക്കാരനെന്നോ വിദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ല. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടിട്ട് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെയായവര്‍ ഇക്കൂട്ടത്തിലുണ്ട്. ബാങ്കില്‍നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ നേരിട്ട് ചെല്ലാന്‍ പറഞ്ഞ സംഭവങ്ങളും പണം ആവശ്യപ്പെട്ട സംഭവങ്ങളുമെല്ലാമുണ്ട്. ''ഞങ്ങളുടെ കേസ് മഹാരാഷ്ട്രയില്‍ ആയിരുന്നു. അവിടെ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കേസ് ഫയലിന്റെ നമ്പര്‍ മാത്രമാണ് നല്‍കിയത്. എന്നിട്ട് മെയില്‍ വഴി ബാക്കി ബന്ധപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ അത് പറഞ്ഞിട്ടിപ്പോള്‍ മൂന്ന് മാസമായി. ഇപ്പോഴും വിവരമൊന്നുമില്ല,'' നിസാല്‍ പറഞ്ഞു.

പണം വന്നത് വളരെ അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ അക്കൗണ്ടില്‍ നിന്നാകാം. പക്ഷെ ബാങ്കില്‍ ചെല്ലുമ്പോള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ സാമ്പത്തിക തട്ടിപ്പിന് ആരോ കേസ് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അക്കൗണ്ടില്‍ വന്ന ഏത് തുകയാണ് പ്രശ്നമായതെന്ന ചോദ്യത്തിന് മറുപടി അവര്‍ക്കുമില്ല. ബാങ്കുകാര്‍ നല്‍കുന്ന രേഖയില്‍ കേസ് എവിടെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നതും ആ പോലീസ് സ്‌റ്റേഷന്റെ നമ്പറും മാത്രമാണ് ഉണ്ടാവുക. മിക്ക പരാതികളിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ല. പല കേസുകളിലും പോലീസിന് പണം നല്‍കിയാണ് കേസുകള്‍ ഒത്തുതീര്‍പ്പാകുന്നത്.

നേരിട്ട് പോയി അന്വേഷണം നടത്തിയ പലര്‍ക്കും വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാകുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ ഇലക്ട്രോണിക്‌സ് വ്യവസായി അബൂ റജ തന്റെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന തെലങ്കാനയില്‍ പോയെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെയാണ് മടങ്ങിയത്. ''കച്ചവട ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഐസിഐസിഐ അക്കൗണ്ടാണ് മരവിപ്പിച്ചത്. പെട്ടെന്നൊരു ദിവസം അതില്‍നിന്ന് പണമയയ്ക്കാന്‍ കഴിയാത്ത അവസ്ഥവരുകയായിരുന്നു. ബാങ്കില്‍ ഒരാഴ്ചയോളം കയറിയിറങ്ങിയിട്ടാണ് തെലങ്കാനയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞത്. അതുപ്രകാരം തെലങ്കാനയില്‍ പോയെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല. എഫ്‌ഐആര്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ എന്റെ അക്കൗണ്ട് നമ്പറോ പേരോ ഉണ്ടായിരുന്നില്ല. പരാതി കൊടുത്തയാളെ ഒരുപാട് തവണ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം ഫോണില്‍ കിട്ടിയെങ്കിലും അയാള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. കൂടാതെ ബാങ്കുകാര്‍ ഞാന്‍ എന്തോ ക്രിമിനല്‍ കുറ്റം ചെയ്ത പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്,'' അബൂ റജ പറയുന്നു.

പരാതികളുടെ പിന്നില്‍ ആരെന്ന് അറിയാത്ത സ്ഥിതിയാണു മിക്കതിലും. പോലീസുകാര്‍ പദവി ദുരുപയോഗം ചെയ്ത് പണം തട്ടുകയാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയും മുന്നറിയിപ്പുകളില്ലാതെ അക്കൗണ്ട് മരവിപ്പിക്കലുകളുമെല്ലാം വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇതിനൊപ്പം കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്നു തെളിയിക്കപ്പെട്ടതിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവങ്ങളുണ്ടാവുന്നു എന്നതും യാഥാര്‍ഥ്യമാണ്.

അതേസമയം, അക്കൗണ്ട് മരവിപ്പിച്ചത്തിന്റെ കാരണമറിയാൻ നിയമപരമായി നോട്ടീസ് നൽകിയതിന് പിന്നാലെ അക്കൗണ്ട് പ്രവർത്തനക്ഷമയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. "കണ്ണൂരിലുള്ള ജസീറെന്ന വ്യക്തിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്തിനെന്ന് അറിയാൻ ഈ മാസം പന്ത്രണ്ടിനാണ് ബാങ്കിന് കത്ത് നൽകിയത്. അതിന് പിന്നാലെ അക്കൗണ്ട് പ്രവർത്തനക്ഷമമായി. എന്നാൽ അക്കൗണ്ട് ശരിയായെന്ന് ബാങ്ക് അറിയിപ്പ് ഒന്നും ഇതുവരെ നൽകിയിട്ടില്ല' ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന അമീൻ ഹസ്സൻ പറഞ്ഞു. സമാനമായ പ്രശ്നം അനുഭവിക്കുന്ന ആറ് പേർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നനും അമീൻ ഹസൻ പറഞ്ഞു.

നോട്ട് നിരോധനത്തിനുശേഷം, പ്രത്യേകിച്ച് കോവിഡിനെത്തുടര്‍ന്ന് ഗൂഗിള്‍പേയും ഫോണ്‍പേയുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പത്ത് രൂപയുടെ ചായ കുടിക്കാന്‍ മുതല്‍ വലിയ ഇടപാടുകള്‍ക്ക് വരെ മിക്കവരും ആശ്രയിച്ചിരുന്നത് ഇത്തരം യുപിഐ പേയ്‌മെന്റുകളെയാണ്. അങ്ങനെ ഇടപാടുകള്‍ നടത്തിയവര്‍ വരെ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. എന്തിനാണ് തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നത് ഉപയോക്താക്കള്‍ക്ക് അറിയില്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ചികിത്സാ ആവശ്യത്തിനോ മക്കളുടെ പഠനത്തിനോ തുടങ്ങിയ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്കായി മാറ്റിവച്ച തുകയായിരിക്കും മിക്കവരും അക്കൗണ്ടിലുള്ളത്. ഒരു സുപ്രഭാതത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഇവര്‍ എന്തുചെയ്യുമെന്നതിനു പോലീസോ റിസര്‍വ് ബാങ്കോ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.

അടുത്തിടെയാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വ്യാപകമായത്. എന്നാൽ സംഭവങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ ബാങ്ക് അധികൃതരോ സർക്കാരോ തയ്യാറായിട്ടില്ലായിരുന്നു. ആഴ്ചകൾക്കു ശേഷമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പോലും പ്രതികരണവുമായി രംഗത്തെത്തിയത്. വിഷയം കേന്ദ്രത്തിന്റെയും ആർബിഐയുടെയും ശ്രദ്ധയിൽ പെടുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഒരാളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടോ?

അന്വേഷണങ്ങളുടെ ഭാഗമായി കോടതിയുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കുവെന്ന് ധനകാര്യ വിദഗ്ധന്‍ വി കെ പ്രസാദ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആണെങ്കില്‍ പോലും പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അല്ലാതെ ഒരു പരാതി ലഭിച്ചെന്നോ സംശയമുണ്ടെന്നോ പറഞ്ഞ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കിനും മറ്റാര്‍ക്കും അധികാരമില്ല. അതിന് കോടതിയുടെ നിര്‍ദേശമോ ഉത്തരവോ കൂടിയേ തീരു.

ആ രീതിയില്‍ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ ബാങ്കുകള്‍ ചെയ്തിരിക്കുന്നത് നിയമപരമല്ല. അക്കൗണ്ട് മരവിപ്പിക്കുന്നതിന് കോടതികള്‍ക്കോ അതുപോലെയുള്ള ട്രിബ്യൂണലുകള്‍ക്കോ അല്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റികള്‍ക്കോ മാത്രമേ അധികാരമുള്ളുവെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവും പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പോര്‍ട്ടലുകള്‍ക്ക് ഏതെങ്കിലും പ്രത്യേക അധികാരത്തിലൂടെ മരവിപ്പിക്കാന്‍ സാധിക്കുമോ?

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലെന്നത് പരാതികളും അവയുടെ വിവരങ്ങള്‍ ശേഖരിക്കാനും അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാനുമുള്ള സംവിധാനം മാത്രമാണ്. അന്വേഷണങ്ങളുടെ വേഗതയും കൃത്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കുകയാണ് ഇത്തരത്തിലുള്ള പോര്‍ട്ടലുകളുടെ ഉദ്ദേശ്യം. അല്ലാതെ പോര്‍ട്ടലില്‍ പരാതി ലഭിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം അക്കൗണ്ട് മരവിപ്പിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ പിന്നെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി അക്കൗണ്ട് ഉപയോഗിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ പിഎംഎല്‍എ നിയമപ്രകാരം മരവിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ അതിനുപോലും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടെന്നും വികെ പ്രസാദ് ഓര്‍മിപ്പിച്ചു.

ഒരാളുടെ അക്കൗണ്ട് ഏകപക്ഷീയമായി ബാങ്ക് മരവിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ഒരാളെ ചോദ്യം ചെയ്യണം, മറ്റ് വിവരങ്ങള്‍ ശേഖരിക്കണം. അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം മാത്രമേ അക്കൗണ്ട് മരവിപ്പിക്കുക പോലെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂ. പക്ഷെ ഇതൊന്നും ചെയ്യാതെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതെങ്കില്‍ അതവര്‍ നല്‍കുന്ന സര്‍വീസുകളിലെ വീഴ്ചയാണ്. അങ്ങനെ വരുമ്പോള്‍ ഒരു കസ്റ്റമര്‍ക്ക് ബാങ്ക് ഓംബുഡ്‌സ്മാനെയോ കോടതിയെയോ സമീപിക്കാം.

അതേസമയം, പോര്‍ട്ടല്‍ അതിന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് സൈബര്‍ ഫൊറന്‍സിക് വിദഗ്ദന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാടിന്റെ അഭിപ്രായം. പോര്‍ട്ടല്‍ കൊടുക്കുന്ന വിവരങ്ങളിന്മേല്‍ തുടര്‍നടപടി എടുക്കുന്ന ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റിനെ പോര്‍ട്ടലിന്റെ തെറ്റായി വ്യാഖ്യാനിക്കരുത് . സാമ്പത്തിക തട്ടിപ്പിന് ഇരകളാകുന്നവര്‍ക്ക് എന്തുകൊണ്ടും ആശ്രയിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍. അതുകൊണ്ട് തന്നെ അക്കൗണ്ട്‌ മരവിപ്പിക്കാനായി ഉദ്യോഗസ്ഥർ പാലിക്കുന്ന നടപടിക്രമങ്ങൾ കൃത്യമല്ല എന്നതിനെയാണ്‌ കുറ്റം പറയേണ്ടതെന്നും അദ്ദേഹം പറയുന്നു.

ബാങ്കുകളുടെ സമീപനം ശരിയാണോ?

ഇപ്പോള്‍ ബാങ്കുകള്‍ കസ്റ്റമര്‍ക്ക് നല്‍കുന്ന പോലെ ഒരു പേപ്പര്‍ മാത്രം നല്‍കിയാല്‍ പോരാ. അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കിന് ലഭിച്ച നിര്‍ദേശത്തിന്റെ കോപ്പിയും കസ്റ്റമര്‍ക്ക് നല്‍കേണ്ടതുണ്ട്. ഏത് പ്രശ്‌നത്തിലും രണ്ടു ഭാഗവും കേള്‍ക്കുക എന്നൊരു സ്വാഭാവിക നീതിയുണ്ട്. അതിവിടെ ഉണ്ടാകുന്നില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് എന്നതിന് ഔദ്യോഗിക വിശദീകരണം തരാന്‍ ബാങ്ക് ബാധ്യസ്ഥരാണ്. അക്കൗണ്ട് മരവിപ്പിക്കണം എന്ന ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ കോപ്പി കസ്റ്റമര്‍ക്ക് നല്‍കിയിരിക്കണം. ഉദാഹരണത്തിന്, ആദ്യം നികുതി വകുപ്പാണ് ഉത്തരവ് നല്‍കിയതെങ്കില്‍ പ്രസ്തുത വകുപ്പില്‍നിന്ന് വന്ന ഉത്തരവനുസരിച്ച് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നുവെന്ന വിവരം അറിയിക്കേണ്ട ബാധ്യത ബാങ്കിനുണ്ട്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഓരോ വ്യക്തിക്ക് ഭരണഘടനാ നല്‍കുന്ന അവകാശമാണ് റിട്ട് ഹര്‍ജി. അതനുസരിച്ച് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കും. അതിന് രേഖകള്‍ ബാങ്ക് നല്‍കേണ്ടതുണ്ട്.

യുപിഐ ഇടപാട് നടത്തുന്ന കസ്റ്റമര്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

''യുപിഐ ഉപയോഗിച്ചൊരു പണമിടപാട് നടത്തുമ്പോള്‍ അതില്‍ സ്വാഭാവികമായൊരു റിസ്‌ക് പതിയിരിപ്പുണ്ട്. പ്രത്യേകിച്ചും വലിയ തുകയുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ ഈ റൂട്ട് അപകടം നിറഞ്ഞതാണ്. പണം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാന്‍ വലിയ മാര്‍ഗങ്ങളൊന്നും ഉണ്ടാകില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഏറ്റവും വിശ്വാസമുള്ള ഇടപാടുകള്‍ മാത്രമേ യുപിഐ വഴി നടത്താന്‍ പാടുള്ളു. മറ്റാരെങ്കിലും ആവശ്യപ്പെട്ടതിന്റെ പേരില്‍ പണമിടപാട് നടത്താന്‍ പാടില്ല. 100 ശതമാനം ബോധ്യമുണ്ടെങ്കില്‍ മാത്രമേ ഒരു ഇടപാട് നടത്താന്‍ പാടുള്ളു. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം,'' വി കെ പ്രസാദ് പറഞ്ഞു.

ട്രാന്‍സാക്ഷന്‍ ഐഡി പുറമെ നിന്നൊരാള്‍ക്ക് ലഭിക്കുമോ?

''രണ്ടാളുകള്‍ തമ്മില്‍ ഒരു പണമിടപാട് നടത്തുമ്പോള്‍ അവിടെയൊരു ട്രാന്‍സാക്ഷന്‍ ഐഡി ഉണ്ടാകും. അത് ബാങ്കിനും പിന്നെ ഇടപാട് നടത്തിയ രണ്ടാളുകള്‍ക്കും മാത്രമേ അറിയാന്‍ സാധിക്കു. ആ ഐഡി ഒന്നുകില്‍ രണ്ടിലൊരാൾ മറ്റാര്‍ക്കെങ്കിലും കൊടുക്കണം, അല്ലെങ്കില്‍ ബാങ്കിന്റെ ഭാഗത്തുനിന്നാകും ആ ഐഡി ചോര്‍ന്നിട്ടുണ്ടാകുക. ഇങ്ങനെ രണ്ട് സാധ്യതകളിലൂടെ മാത്രമേ ട്രാന്‍സാക്ഷന്‍ ഐഡി മറ്റൊരാള്‍ക്ക് ലഭിക്കൂ,'' ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു.

നാളെ:- അക്കൗണ്ടുകൾ മരവിപ്പിക്കുവാൻ ഉത്തരവിടുന്നത് ബാങ്കുകളല്ല, നിയമപാലകരാണ്, ചില കാരണങ്ങള്‍ തള്ളിക്കളയാനാവില്ല

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി