KERALA

ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം; ഉമേഷ് വള്ളിക്കുന്നിന് വീണ്ടും പോലീസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ടതായ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിട്ടും അച്ചടക്കലംഘനം കാട്ടിയെന്നാണ് മെമ്മോയില്‍ ആരോപിക്കുന്നത്

വെബ് ഡെസ്ക്

ജയില്‍ മോചിതനായ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഫേസ്ബുക്കില് പ്രതികരണം അറിയിച്ച സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്. പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ടതായ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിട്ടും അച്ചടക്കലംഘനം കാട്ടിയെന്ന് ആരോപിച്ചാണ് ആറന്മുള പോലീസ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിന് പത്തനംതിട്ട എസ്പി മെമ്മോ നല്‍കിയത്. പോലീസിന്റെ അന്തസിന് കളങ്കമേല്‍പ്പിക്കും വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടെപെട്ടെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഗ്രോവാസുവിനെ വെറുതെ വിട്ടതിന് ശേഷം ഗ്രോ വാസുവിനെ സ്വീകരിക്കുന്നതിനായി അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട് ജില്ലാ പരിസരത്ത് ഉമേഷ് വള്ളിക്കുന്ന എത്തി എന്നതാണ് ആരോപണം.

കൂടാതെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഗ്രോവാസുവിനെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന വീഡിയോ ഫേസ് ബുക്ക് അക്കൗണ്ടില്‍ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തതും പോലീസ് സേനയിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്.

പോലീസ് സേനയിലെ ഒരു അംഗമെന്ന നിലയില്‍ ഗുരുതരമായ അച്ചടക്കലംഘനം ,കൃത്യവിലോപം , പെരുമാറ്റ ദൂഷ്യവും മേലുദ്യോഗസ്ഛരുടെ നിര്‍ദേശങ്ങളോടുള്ള തികഞ്ഞ അവഗണനയുമാണ് ഉമേഷ് വള്ളിക്കുന്ന് നടത്തിയതെന്നാണ് ആരോപണം. മാത്രമല്ല ഉമേഷ് വള്ളിക്കുന്ന് നടത്തിയ പ്രവൃത്തികള്‍ പോലീസ് സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതെന്നും മെമ്മോയില്‍ പറയുന്നു.

ഗ്രോവാസുവിനെ സ്വീകരിക്കുകയോ സ്വീകരണത്തില്‍ പങ്കെടുക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉമേഷ് വള്ളിക്കുന്നിന്‍റെ വിശദീകരണം. കോഴിക്കോട് ജില്ലാ പരിസരത്തല്ല ജില്ലയിലാണ് താന്‍ സന്ദര്‍ശനം നടത്തിയത്. ഞാനും എന്റെ കുടുംബവും താമസിക്കുന്ന ജില്ലയില്‍ ഞാന്‍ എത്തുന്നതില്‍ എന്താണ് അപാകത. കോഴിക്കോട് ജില്ലാ പരിസരത്താണ് എന്റെ അമ്മയും സഹോദരങ്ങളും താമസിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ എത്തുക എന്നത് അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഗ്രോ വാസുവിനെ സ്വീകരിക്കാന്‍ എത്തി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ഉമേഷ് വള്ളിക്കുന്ന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളെ കാണുന്നതും ഫോട്ടോ എടുക്കുന്നതും സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലറിന് വിരുദ്ധമല്ലെന്നും. സര്‍ക്കാര്‍ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതിയുത്തരവിലൂടെ തിരികെ സംസ്ഥാന പോലീസ് മേധാവിയായി എത്തുകയും ചെയ്ത ഒരാളുടെ സര്‍ക്കുലറാണ് മെമ്മോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് തന്നെ കോടതി വിധിയെ അംഗീകരിക്കുന്നു എന്നിന്റെ തെളിവാണെന്നും മറുപടിയില്‍ പരാമര്‍ശമുണ്ട്. ഫേസ്ബുക്കിലെ ഫോട്ടോ സംബന്ധിച്ചുള്ള വിശദീകരണത്തില്‍ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

നിസാരമായ കുറ്റം ആരോപിക്കപ്പെടുകയും അതില്‍ കോടതി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഒരാളെ അകറ്റി നിര്‍ത്തുകയോ ശത്രുവായി കാണുകയോ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് സര്‍ക്കുലറിന്റെ ലംഘനമല്ലെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

കേരളം കണ്ട കുപ്രസിദ്ധ ബലാത്സംഗ കേസില്‍ ജാമ്യത്തിലിരിക്കുന്ന പ്രതി ആറന്മുുള സ്റ്റേഷനില്‍ വള്ള സദ്യ നടത്തിയപ്പോള്‍ ആദ്യാവസാനം കൂടെ നില്‍ക്കാനും ഭക്തജനങ്ങളുടെ സെല്‍ഫിയെടുക്കലിന് സഹായിക്കാനും അങ്ങയുടെ കീഴിലെ പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമില്‍ അയച്ചതും. ഇതേ ഉദ്യോഗസ്ഥന്‍ ഇപ്പോഴും വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയുടെ വീഡിയോ എടുത്ത് ആരാധനയോടെ സോഷ്യല്‍ മീഡിയയില്‍ ഇട്ട സംഭവത്തില്‍ സ്വീകരിക്കാത്ത അച്ചടക്ക നടപടി ഇപ്പോള്‍ സ്വീകരിക്കുന്നതിലെ ഔചിത്യവും ഉമേഷ് വള്ളിക്കുന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോരള പോലീസിന്റെ അന്തസ് ഉമേഷ് എന്ന ഏറ്റവും താഴേക്കിടയിലുള്ള പോലീസുകാരന്‍ ഗ്രോവാസുവിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടാല്‍ കളങ്കമേല്‍ക്കുന്നത്ര ദുര്‍ബലമല്ല. ലക്ഷക്കണക്കിന് പോലീസുകാര്‍ സ്വന്തം ജീവിതവും രക്തവും കൊടുത്ത് വളര്‍ത്തിയെടുത്ത അന്തസ്സാണ് . അങ്ങനെയല്ല എന്ന കരുതുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വിശദീകരണത്തിന്റെ പ്രസക്തിയില്ലെന്നും (ആ അന്തസ് ആരൊക്കെയാണ് കളയുന്നതെന്ന് എങ്ങനെയൊക്കെയാണെന്നും അങ്ങേക്കറിയാമല്ലോ സര്‍) എന്നും വിശദീകരണത്തില്‍ പറയുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്