KERALA

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്, ഒപ്പിട്ടതും സീൽ വെച്ചതും അനിൽകുമാർ

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തുവെന്നും ആരാഗ്യമന്ത്രി വീണാ ജോർജ്

വെബ് ഡെസ്ക്

കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ദുരൂഹതയേറുന്നു. കേസിലെ പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. അനിൽകുമാറിന്റെ കളളക്കളി പിടികൂടിയത് താനാണെന്നും തന്റെ കാലിൽ വീണ് അനിൽ കുമാർ മാപ്പ് പറഞ്ഞതിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്നുമാണ് സൂപ്രണ്ടിന്റെ വാദം. അനിലിന്റെ തെറ്റ് കണ്ടുപിടിച്ചതിലുളള വൈരാഗ്യമാണ് ഇപ്പോഴുളള ആരോപണങ്ങൾക്ക് പിന്നിലെന്നും ഗണേഷ് മോഹൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കേസിൽ പ്രതിയായപ്പോഴാണ് അനിൽ നിലപാട് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തുവെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.
സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും. മെഡിക്കൽ കോളേജിന്‍റെ അന്വേഷണത്തോടൊപ്പം പോലീസ് അന്വേഷണം കൂടി ഉണ്ടാകണം. തുടരന്വേഷണത്തിൽ കൂടുതൽ കുറ്റക്കാർ ഉണ്ടെങ്കിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്. സൂപ്രണ്ട് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അനൂപ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റ് ശരിപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. അനൂപ് കുമാർ ഒരു സെലിബ്രിറ്റി ആണെന്നും അദ്ദേഹം ഒരു പാട്ടുകാരനുമാണെന്നാണ് സൂപ്രണ്ട് പരിചയപ്പെടുത്തിയത്. അനൂപ് കുമാറിന്റെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കണമെന്ന സൂപ്രണ്ടിന്റെ ആവശ്യപ്രകാരമാണ് താൻ അത് ചെയ്തതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

നിലവിൽ ഒളിവിലാണ് അനിൽ കുമാർ. ക്രമക്കേട് നടന്നത് പുറം ലോകം അറിഞ്ഞപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ആണ് സൂപ്രണ്ട് ശ്രമിക്കുന്നതെന്നും അനിൽ ആരോപിച്ചു. നേരത്തേ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും അനിൽ കുമാർ വെളിപ്പെടുത്തി. ഇതിന് പുറമെ ആശുപത്രി ക്യാന്റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും അനിൽ പറയുന്നു. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽ കുമാർ പറഞ്ഞു.

കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്ന എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരൻ എത്തിച്ചു നൽകിയെന്നും സൂപ്രണ്ട് നിർദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് താൻ ജനന സർട്ടിഫിക്കറ്റ് നൽകിയതെന്നുമായിരുന്നു രഹ്നയുടെ വാദം.

കേസിൽ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാർ മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്