എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിദ്യയെ മാത്രം പ്രതി ചേർത്താണ് കേസ്. മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
എറണാകുളം മഹാരാജാസ് കോളേജിൽ ജോലി ചെയ്തിരുന്നതായി വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് കരിന്തളം കോളേജിൽ ജോലി ചെയ്തിരുന്നത്. വ്യാജ രേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സർക്കാർ ശമ്പളം കൈപറ്റിയ വിദ്യക്കെതിരേ വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് വിദ്യയ്ക്ക് മേൽ ചുമത്തിയിരുന്നത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളേജിലും മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ വിദ്യ ഇതേ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. ഈ വിഷയത്തിൽ അഗളി പോലീസും കേസെടുത്തിരുന്നു.