ഇലന്തൂര്‍ ഇരട്ട നരബലിയില്‍ കൊലപ്പെട്ട പത്മയുടെ മൃതദേഹം ലഭിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്ന് ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സമീപിച്ച് കുടുംബം. മുഖ്യമന്ത്രിക്ക് പത്മയുടെ കുടുംബം കത്ത് നല്‍കി. തമിഴ്നാട് ധർമപുരം സ്വദേശിയായ പത്മ വർഷങ്ങളായി കൊച്ചി കടവന്ത്രയിലാണ് താമസിച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം വെട്ടിനുറുക്കി കുഴിച്ച് മൂടിയ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. 2 മൃതദേഹങ്ങളും സ്ത്രീകളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഡിഎൻഎ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ മരിച്ചത് പത്മയാണോയെന്ന് സ്ഥിരീകരിക്കാനാകുകയൊള്ളു.
രണ്ടു മൃതുദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിലാണ് നടത്തിയത്. 61 ശരീരഭാഗങ്ങളായിരുന്നു പോസ്റ്റുമോർട്ടത്തിനായി എത്തിച്ചിരുന്നത്. ഇതിൽ 36 ശരീരഭാഗങ്ങളുടെ പരിശോധന ബുധനാഴ്ച തന്നെ നടത്തി. മൃതദേഹ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇലന്തൂരിലെ നരബലി കേസിൽ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇലന്തൂർ സ്വദേശി ഭഗവല്‍ സിങ് ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത് . നരബലിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ അഞ്ച് വർഷത്തിനിടെയുണ്ടായ തിരോധാനങ്ങള്‍ പുനരന്വേഷിക്കുകയാണ്. 2017 മുതല്‍ ജില്ലയില്‍ നിന്ന് 12 സ്ത്രീകളെയാണ് കാണാതായിട്ടുള്ളത്. മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറന്മുള പോലീസ് സ്റ്റേഷനിലാണ്. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനാണ് തീരുമാനം.