പച്ചപ്പാന്റ്, പച്ചക്കുപ്പായം, പച്ചത്തൊപ്പി, ജീവിതം മുഴുവന്‍ പ്രകൃതിയോടൊപ്പവും, ഇതായിരുന്നു ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ശോഭീന്ദ്രന്‍ മാഷ്. വെളുത്ത നീണ്ട താടി ഒഴിച്ച് നിര്‍ത്തിയാല്‍ മാഷ് അടിമുടി പച്ചയായിരുന്നു. ''മരമാണ് ജീവന്‍. അതുകൊണ്ട് നാം ഒരു ജീവസംരക്ഷണ പ്രവര്‍ത്തനത്തിന് ഒരുങ്ങേണ്ടിയിരിക്കുന്നു'' എന്നാണ് മാഷ് പറഞ്ഞുകൊണ്ടിരുന്നത്. മനുഷ്യരെ കൂട്ടിയിണക്കി മരങ്ങള്‍ നട്ട് പിടിപ്പിക്കാനും വനയാത്രയും വയനാട് ചുരത്തിലെ മഴയാത്രയും നടത്താനും തലമുറ വ്യത്യാസമില്ലാതെ പരിചയപ്പെട്ട മനുഷ്യരുടെ പ്രിയപ്പെട്ടവനാകാനും ശോഭീന്ദ്രന്‍ മാഷ് ഇനിയില്ല. ആ പ്രകൃതിമനുഷ്യന്‍ നമ്മെ വിട്ടുപോയിരിക്കുന്നു.
76 വയസിന്റെ പ്രകൃതിയനുഭവങ്ങള്‍ക്കൊടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ട് കാലം കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന മാഷ് കോളേജിനെ പച്ച പിടിപ്പിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു അദ്ദേഹം. എന്‍എസ്എസിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രകൃതി സനേഹവും മനുഷ്യ സ്‌നേഹവും ഒരുപോലെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. മരങ്ങള്‍ മാത്രമല്ല, ക്യാമ്പസില്‍ ശില്‍പ്പങ്ങള്‍ സ്ഥാപിച്ചതിന് പിന്നിലും ശോഭീന്ദ്രന്‍ മാഷിന്റെ കൈകളുണ്ട്. ക്യാമ്പസ് പ്രതിമകളില്‍ പ്രശസ്തമായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമ ഏറെ പ്രസിദ്ധമാണ്.
അധ്യാപന ജീവിതത്തോടൊപ്പം കലയും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. നാടകങ്ങളിലൂടെ അഭിനയരംഗത്ത് കാലെടുത്ത വെച്ച മാഷ് അനശ്വര സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തുമായിരുന്നു. തുടര്‍ന്ന് അമ്മ അറിയാന്‍, ഷട്ടര്‍, അരക്കിറുക്കന്‍, കൂറ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച 'വിപ്ലവം' ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ലും ശോഭീന്ദ്രന്‍ മാഷ് പ്രവര്‍ത്തിച്ചു.
മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, സഹയാത്രി അവാര്‍ഡ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് എന്നിവയും മാഷിനെ തേടിയെത്തി. പ്രിയ സുഹൃത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകം ഏറെ പ്രശസ്തമായിരുന്നു.
കോഴിക്കോട് കക്കോടിയില്‍ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റെയും അംബുജാക്ഷിയുടേയും മകനായാണ് ശോഭീന്ദ്രന്‍ മാഷ് ജനിച്ചത്. ചേളന്നൂര്‍ ഗവ എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ മാഷ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കര്‍ണ്ണാടക സര്‍ക്കാര്‍ സര്‍വീസില്‍ അദ്ധ്യാപകനായാണ് ശോഭീന്ദ്രന്‍ മാഷ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബംഗളൂരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിയായിരുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തന്നെ അധ്യാപകനായെത്തുകയായിരുന്നു. 2002ല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ച അദ്ദേഹം മുഴുവന്‍ സമയവും പ്രകൃതിക്ക് വേണ്ടി മാറ്റിവെക്കുകയായിരുന്നു.
റിട്ട. പ്രൊഫസര്‍ എംസി പത്മജയാണ് പങ്കാളി. മക്കള്‍: ബോധികൃഷ്ണ (അസി. പ്രൊഫസര്‍ ഫാറൂഖ് കോളേജ്), ധ്യാന്‍ദേവ് (ഐസിഐസി പ്രുഡന്‍ഷ്യല്‍). മരുമക്കള്‍: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസര്‍ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂര്‍), റിങ്കു പ്രിയ. നിരവധി പേരാണ് ശോഭീന്ദ്രന്‍ മാഷിനെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുന്നത്. അധ്യാപന രംഗത്തും പരിസ്ഥിതിസംരക്ഷണ രംഗത്തും ഒരുപോലെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചത്. കോഴിക്കോട്ട് ഇനി ശോഭീന്ദ്രന്‍ മാഷില്ലെന്ന സങ്കടത്തിലാണ് നാടും നാട്ടുകാരും.