കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലിലേക്ക് പോയി കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാട്ടിൽ മടങ്ങിയെത്തി. രാവിലെ 5.30 ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ബിജു വീട്ടിലേക്ക് മടങ്ങി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽ നിന്ന് പോയതെന്നും, മടങ്ങാനുള്ള ടിക്കറ്റ് എടുത്തു തന്നത് സഹോദരൻ ആണെന്നും ബിജു വ്യക്തമാക്കി. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുകയാണെന്ന് ബിജു പറഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്നും സ്വമേധയാ മടങ്ങുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
'' സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നു. സ്വമേധയായാണ് മടങ്ങിയെത്തിയത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരനാണ് ടിക്കറ്റ് എടുത്ത് അയച്ച് തന്നത് '' - ബിജു കുര്യന്‍ വ്യക്തമാക്കി.
''പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വളരെ വേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സംഘത്തിനൊപ്പം ചേരാന്‍ കഴിയാതിരുന്നത്. പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കിൽ സംഘത്തോടൊപ്പം തിരിച്ചുവരാനായിരുന്നു പദ്ധതി. കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരുപാട് കൃഷിരീതികള്‍ ഇസ്രയേലില്‍ നിന്ന് പഠിച്ചു'' - ബിജു കുര്യന്‍ വിശദീകരിച്ചു.
ബിജു തിരിച്ചുവന്നാലും പ്രതികാര നടപടിയെന്ന നിലയിൽ വിഷയം കൈകാര്യം ചെയ്യില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു. ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകരെ മാതൃകാ കര്‍ഷകരായി (മാസ്റ്റര്‍ ഫാര്‍മേഴ്‌സ്) ആയി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബിജു കുര്യന്‍ തിരികെ വന്ന് ഇസ്രയേലില്‍ നിന്ന് പഠിച്ച കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കട്ടെയെന്നും നല്ല കര്‍ഷകനായി അദ്ദേഹം വീണ്ടും കേരളത്തിലുണ്ടാകട്ടെ എന്നും മന്ത്രി അറിയിച്ചു. അതിനായി എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും കൃഷി മന്ത്രി വ്യക്തമാക്കിയിരുന്നു.