പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് കേസില്‍ പ്രതിയായ കുമ്പഴ സ്വദേശിയായ 45 വയസുകാരന് കനത്ത ശിക്ഷ വിധിച്ചത്. ചില വകുപ്പുകളിൽ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന ഉത്തരവ് പ്രകാരം, ശിക്ഷയുടെ കാലയളവ് 67 വർഷമായി കുറച്ചു. പിഴ ഒടുക്കാതിരുന്നാൽ 5 വർഷം അധിക തടവിനും പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു.
ക്രൂരമായ പീഡനത്തിനിരയായ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു
2020 ലാണ് മാനസിക വെല്ലുവിളി നേരിടുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവ് നേരത്തെ ഇവരെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. തുടര്‍ന്ന് കുട്ടി അച്ഛന്റെ സംരക്ഷണയിലായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഭയന്നോടിയ പെണ്‍കുട്ടി അയല്‍ വീട്ടിലാണ് അന്നേ ദിവസം കഴിഞ്ഞത്. അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടി കരയുന്നത് കണ്ട് അധ്യാപികമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് കുട്ടിക്ക് വേണ്ടി ഹാജരായത്. പിഴ തുക പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവ്.