KERALA

'സഹോദരങ്ങള്‍ക്ക് സ്വത്ത് പങ്കിടാതിരിക്കാനുള്ള നാടകം'; ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ ഫത്വ കൗൺസിൽ

ദ ഫോർത്ത് - കോഴിക്കോട്

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച ഷുക്കൂർ വക്കീലിനെതിരെ ഫത്വ കൗൺസിൽ. ഷുക്കൂർ വക്കീലിന്റെ വിവാഹ രജിസ്ട്രേഷൻ നാടകമാണെന്ന് ആരോപിച്ച് സമസ്തയുടെ കീഴിലുള്ള ദാറുൽ ഹുദ യൂണിവേഴ്സിറ്റിയുടെ ഫത്വ കൗൺസിൽ പ്രസ്താവന ഇറക്കി. മരണാനന്തരം തന്റെ എല്ലാ സമ്പാദ്യവും മൂന്ന് പെൺമക്കൾക്ക് ലഭിക്കാൻ വേണ്ടി മാത്രമാണ് വക്കീലിന്റെ നാടകമെന്നാണ് ഫത്വ കൗൺസിൽ ആരോപിക്കുന്നത്.

ഫത്വ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവന

ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ, മതാചാര പ്രകാരം വിവാഹം കഴിച്ചിട്ടും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്ലാമിക അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന്റെ സ്വത്തുവകകളിൽ മൂന്നിൽ രണ്ട് ഭാഗം മാത്രമാണ് പെൺമക്കൾക്ക് ലഭിക്കുന്നത്. ശേഷിക്കുന്നവ പിതാവിന്റെ സഹോദരീ സഹോദരന്മാർക്ക് വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിൽ നിന്ന് ഒരംശം പോലും തന്റെ സഹോദരങ്ങൾക്ക് നൽകാതിരിക്കാനുമാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഷുക്കൂർ നിർബന്ധിതനാകുന്നത്. ഇത്തരത്തിൽ മതനിയമങ്ങളെ മറികടന്നുള്ള പ്രവർത്തികൾ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

എന്നാൽ, ഫത്വ കൗൺസിൽ പ്രസ്താവന ഇറക്കിയതിന് പിന്നാലെ, പ്രതികരണവുമായി ഷുക്കൂർ വക്കീൽ രംഗത്തെത്തി. തന്നെ ആരെങ്കിലും കായികമായി ആക്രമിക്കുവാൻ തുനിഞ്ഞാൽ, അതിന്റെ പൂർണ ഉത്തരവാദികൾ പ്രസ്താവന ഇറക്കിയവർ മാത്രമായിരിക്കുമെന്ന് ഷുക്കൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. താൻ മത നിയമങ്ങളെ ഒരു രീതിയിലും അവഹേളിക്കുന്നില്ലെന്നും ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമെന്ന വാക്കിനെ തെറ്റായി ധരിച്ച് തന്നെ കായികമായി ആക്രമിക്കുവാന്‍ ആരെങ്കിലും തുനിഞ്ഞാൽ, അതിന്റെ ഉത്തരവാദിത്വം ഫത്വ കൗൺസിലിനാണെന്നും അത് നിയമപാലകർ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഷുക്കൂർ പ്രതികരിച്ചു.

'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഷുക്കൂര്‍ വക്കീലിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി രംഗത്തുവന്നു. ലാളിത്യം കൊണ്ട് തന്നെ വിസ്മയിപ്പിച്ച മനുഷ്യനാണ് ഷുക്കൂർ വക്കീലെന്നും വിവാഹം രജിസ്റ്റർ ചെയ്ത അദ്ദേഹത്തിന്റെ തീരുമാനം മുസ്ലിം സമുദായത്തിൽപ്പെട്ട എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിവാഹത്തിന് എത്താൻ സാധിച്ചില്ലെങ്കിലും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ വച്ചായിരുന്നു സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലിന്റെ വിവാഹം. ഷുക്കൂറും ഭാര്യ ഷീനയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും ഒന്നിച്ചാണ് വിവാഹത്തിനെത്തിയത്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി