രണ്ട് അസ്വാഭാവിക പനി മരണങ്ങളെ തുടർന്ന് നിപ സംശയത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രണ്ടാമത് മരിച്ചയാളുടേയും സമാന രോഗലക്ഷണങ്ങളോടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അടുത്തബന്ധുവിന്റേയും പരിശോധാനാഫലം ഇന്ന് ലഭിക്കും. ഇതിന് ശേഷം മാത്രമേ നിപയാണോ ബാധിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണവുമുണ്ടായത്. പനിബാധിച്ച് ചികിത്സതേടിയയാളും , അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. ആദ്യ മരണം ഓഗസ്റ്റ് 30നാണ് സംഭവിച്ചത്. ന്യൂമോണിയബാധയെ തുടർന്നാണ് മരണമെന്നായിരുന്നു ആദ്യം കരുതിയത്. ഇതേ ആശുപത്രിയിൽ അച്ഛനൊപ്പം കൂട്ടിരിക്കാൻ എത്തിയ ആളാണ് സമാന ലക്ഷണങ്ങളോടെ രണ്ടാമത് മരിച്ചത്. ഇതോടെ സംശയം ബലപ്പെട്ടു. മരിച്ച രണ്ടുപേരുടേയും അടുത്തബന്ധുക്കൾക്ക് കൂടി രോഗലക്ഷണം കാണിച്ചതോടെയാണ് നിപ സംശയത്തെ തുടർന്ന് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചതിനാൽ സാംപിൾ ശേഖരിക്കാനായിരുന്നില്ല.
രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു. പനിബാധിച്ചവരുടെ സമ്പർക്ക പട്ടിക ശേഖരണം വേഗത്തിലാക്കിയിട്ടുണ്ട്.
പരിശോധനാഫലം വരുംവരെ മുൻകരുതൽ എന്ന നിലയിലാണ് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഇന്ന് കോഴിക്കോട് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയേക്കും.
2018ൽ കോഴിക്കോടാണ് സംസ്ഥാനത്ത് ആദ്യം നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ വൈറസ് ബാധിച്ച് മരിച്ചു. 2019ൽ കൊച്ചിയിൽ 23കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും രക്ഷിക്കാനായി. 2021 സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ജീവൻ നഷ്ടമായി.