കേരളത്തില്‍ ജൂണ്‍ മാസത്തില്‍ മാത്രം രണ്ടര ലക്ഷം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപെടലുകള്‍ നടത്താതെ ശങ്കിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്നാണ് ആരോപണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും അടക്കം പനി ബാധിതര്‍ മണിക്കൂറുകള്‍ കാത്തിരുന്നാണ് ഡോക്ടര്‍മാരെ കാണുന്നത്. വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പകര്‍ച്ചപ്പനി തടയാന്‍ മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്ത് എച്ച്1എന്‍1ഉം വലിയ ആശങ്കയാവുന്നുണ്ട്.എന്നാല്‍ കഴിഞ്ഞ 23ാം തീയതി മുതല്‍ മാത്രമാണ് എച്ച്1എന്‍1 സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ സൈറ്റില്‍ ലഭ്യമായിത്തുടങ്ങിയത്.