സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് പനി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഒരു കുട്ടിയുള്‍പ്പടെ നാല് പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശികളായ അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്നാണ് സ്ഥിരീകരണം.
വാസു മകന്‍ സുരേഷ് എന്നിവരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പരിശോധനാ ഫലം എലിപ്പനി മരണമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അച്ഛനും മകനും മരിച്ചത്. പനി ബാധിച്ച് വയനാട്ടില്‍ ഒരു കുട്ടിയും മരിച്ചിരുന്നു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയളിക്കവും ഉണ്ടായിരുന്നു. വയനാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. പത്തനംതിട്ട അടൂരിൽ പനിബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. ഏഴംകുളം ഈട്ടിമൂട് സ്വദേശിനി ആര്യ ആണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പനി മരണങ്ങളുടെ നിരക്ക് ഉയര്‍ന്ന അവസ്ഥയിലാണ്. സംസ്ഥാനത്ത് ഡെങ്കിപനിയും രൂക്ഷമായ പശ്ചാത്തലത്തിൽ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, പനി കണക്കില്‍ അവ്യക്തത ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. മസ്തിഷ്‌ക ജ്വരത്തെ സംബന്ധിച്ചും മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മെയ് മാസം മുതല്‍ പനി നിയന്ത്രിക്കാന്‍ ജാഗ്രത പാലിച്ചിരുന്നെന്നും ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്തുകൊണ്ട് മരണം സംഭവിച്ചെന്ന് പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.