തിരുവനന്തപുരം പാറശാല സ്വദേശി ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് പ്രതി ഗ്രീഷ്മക്കെതിരെ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് തിരുവനന്തപുരം റൂറല്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഷാരോണിന്റെ കൊലപാതകം നടന്ന് 93 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പലതവണ പറഞ്ഞിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്മാറാൻ തയ്യാറായില്ല, ഇതോടെയാണ് ഷാരോണിനെ അവസാനിപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. സമാനമായ രീതിയിൽ മുമ്പും ഗ്രീഷ്മ ഷാരോണിനെ വധിക്കാൻ ശ്രമിച്ചതിനാൽ കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തുന്ന രീതികള്‍ ആയിരത്തിലേറെ തവണ ഗ്രീഷ്മ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിന്‍റെ ശാസ്ത്രീയ തെളിവുകള്‍ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാരോണും ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള തമിഴ്നാട്ടുകാരനായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഗ്രീഷ്മയുടെ അമ്മാവനും അമ്മയുമാണ് കേസിലെ മറ്റു പ്രതികൾ. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 14ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.