ഒടുവിൽ കേരളത്തിലും എംപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് ആദ്യമായല്ല കേരളത്തിൽ രോഗബാധ ഉണ്ടാകുന്നത്. 2022, ജൂലൈയിലും കേരളത്തിൽ രോഗം കണ്ടെത്തിയിരുന്നു.ആ വർഷം ഓഗസ്റ്റിൽ സംസ്ഥാനത്തുണ്ടായ ഒരു മരണം എപോക്സ് കാരണമാണെന്നും സംശയിക്കുന്നു. വിദേശത്ത് നിന്നെത്തിയ തൃശൂർ സ്വദേശിയായ 22- വയസ്സുള്ള യുവാവാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. നിലവിൽ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പ്രഖ്യപിച്ചിട്ടുണ്ട്. രോഗവ്യാപനസാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
മൃഗങ്ങളിൽ നിന്നു മനുഷ്യരിലെത്തിയ എംപോക്‌സ്
ആദ്യഘട്ടങ്ങളിൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുകയും, പിന്നീട് ജനിതകവ്യതിയാനങ്ങൾ സംഭവിച്ച് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന രീതിയിലേക്ക് വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്‌സ്. ഇരട്ട വരികളുള്ള ഡി. എൻ. എ. വൈറസായ മങ്കിപോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയ വസൂരി(സ്മാൾ പോക്സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്‌സ് വൈറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസാണിത്.
ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ട് പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തിൽ അതിൽ ഏതാനും ഉപവകഭേദങ്ങളും എംപോക്‌സ് വൈറസിൻ്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്
ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ട് പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തിൽ അതിൽ ഏതാനും ഉപവകഭേദങ്ങളും എംപോക്‌സ് വൈറസിൻ്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്സിൻ്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയർന്നതുമായ ക്ലേഡ് 1, കോംഗോ ബേസിൻ വകഭേദമാണ് ഇപ്പോൾ ആശങ്കയുയർത്തി വ്യാപകമായി പടരുന്നത്. രോഗലക്ഷണങ്ങൾക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തിൽ പെട്ട വൈറസുകൾ ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് രോഗലക്ഷണങ്ങൾക്ക് അടുത്ത സാമ്യമുണ്ട്.
ചർമത്തിൽ പ്രതൃക്ഷപ്പെടുന്ന 2 - 4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് രോഗത്തിൻ്റെ പ്രധാനലക്ഷണം, കോവിഡ് മഹാമാരി പോലെ ഈയടുത്ത കാലത്ത് പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട രോഗമല്ല എംപോക്‌സ്. യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ലാബിൽ ഗവേഷണത്തിനായി പിടികൂടി പാർപ്പിച്ചിരുന്ന സൈനോമോൾഗസ് ഇനം കുരങ്ങുകളിൽ 1958- ൽ തന്നെ എംപോക്‌സ് വൈറസിനെ കണ്ടെത്തിയിരുന്നു. ആദ്യമായി കുരങ്ങുകളിൽ കണ്ടെത്തിയതിനാലാണ് മങ്കി പോക്സ് എന്ന പേര് വൈറസിന് കിട്ടുന്നത്.
വസൂരി രോഗത്തിന്റെ സ്ക്രീനിംഗ് നടത്തുന്നതിനിടെ 1970- ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ആൺകുട്ടിയിലാണ് മനുഷ്യനിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്
വസൂരി രോഗത്തിന്റെ സ്ക്രീനിംഗ് നടത്തുന്നതിനിടെ 1970- ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ആൺകുട്ടിയിലാണ് മനുഷ്യനിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. അതേകാലയളവിൽ മറ്റു നാലുകുട്ടികളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നൈജീരിയ അടക്കമുള്ള സമീപരാജ്യങ്ങളിലും ചെറുതും വലുതുമായ എംപോക്സ് പൊട്ടിപ്പുറപ്പെടലുകൾ ഉണ്ടായി.
കുരങ്ങ്, കാട്ടെലികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ കാട്ടിൽ വേട്ടയാടി ഭക്ഷണമാക്കുന്ന ഗോത്രസമൂഹത്തിൻ്റെ ജീവിതശൈലിയായിരുന്നു രോഗപകർച്ചയുടെ ആക്കവും പെരുപ്പവും കൂട്ടിയത്. 1980-ൽ വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെടുകയും ലോകമെമ്പാടും വസൂരി പ്രതിരോധ വാക്സിനേഷൻ അവസാനിക്കുകയും ചെയ്തതും, ആഫ്രിക്കയിൽ എംപോക്‌സ് കേസുകളുടെ തീവ്രത കൂട്ടി. വസൂരി പ്രതിരോധ കുത്തിവെയ്പ് അവസാനിച്ചതോടെ അതേ വിഭാഗത്തിൽ പെട്ട എംപോക്സ് വൈറസുകൾക്ക് അനുകൂല സാഹചര്യങ്ങളിൽ എളുപ്പം മനുഷ്യശരീരത്തിൽ കയറിക്കൂടി രോഗമുണ്ടാക്കാൻ കഴിഞ്ഞതായിരുന്നു കാരണം.
ആഫ്രിക്കൻ വൻകരയുടെ പുറത്ത് ഒരു രാജ്യത്ത് എംപോക്സ് ആദ്യമായി സ്ഥിരീകരിക്കുന്നത് 2003- ൽ അമേരിക്കയിലാണ്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത അണ്ണാൻ, എലി വർഗത്തിൽ പെട്ട ജീവികളിൽ നിന്നായിരുന്നു അമേരിക്കയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്.
ആഫ്രിക്കൻ വൻകരയുടെ പുറത്ത് ഒരു രാജ്യത്ത് എംപോക്സ് ആദ്യമായി സ്ഥിരീകരിക്കുന്നത് 2003- ൽ അമേരിക്കയിലാണ്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത അണ്ണാൻ, എലി വർഗത്തിൽ പെട്ട ജീവികളിൽ നിന്നായിരുന്നു അമേരിക്കയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും സമ്പർക്കം വഴി മറ്റുള്ളവരിലേക്കും രോഗവ്യാപനമുണ്ടായി.
2005- മുതൽ ആഫ്രിക്കയിൽ രോഗവ്യാപനത്തിന്റെ തോത് ഉയരുകയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാത്രം വർഷാവർഷം ആയിരക്കണക്കിന് എംപോക്‌സ് രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കുമെത്തി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലെത്തിയ എംപോക്സ് വൈറസിന് വന്ന ജനിതക പരിവർത്തനങ്ങളാണ് രോഗവ്യാപനത്തിൻ്റെ തീവ്രത കൂട്ടിയതെന്ന് വിലയിരുത്തപ്പെടുന്നു.
2022, മെയ് മാസം മുതലാണ് യൂറോപ്പിൽ എംപോക്‌സ് വൈറസിൻ്റെ വ്യാപനമുണ്ടാവുന്നത്. യൂറോപ്പിൽ തുടങ്ങി ലോകം മുഴുവൻ പടർന്ന് ഒരുവർഷത്തോളം നീണ്ട രോഗവ്യാപനത്തിൽ 116 രാജ്യങ്ങളിൽ രോഗം പടരുകയും 93,000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇരുനൂറിലധികം മരണങ്ങളുമുണ്ടായി.
മരുന്നും വാക്സിനും
എംപോക്‌സ് വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല, മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ചികിത്സ. വസൂരി രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളും ടിക്കോവിരിമാറ്റ് (ടിപോക്‌സ്) പോലെയുള്ള അനുബന്ധ ആൻ്റി-വൈറൽ മരുന്നുകളും ഇപ്പോൾ എംപോക്‌സിനെതിരെയും ഉപയോഗിക്കുന്നുണ്ട്. കൂടാതെ രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും പുതിയ എംപോക്‌സ് പ്രതിരോധവാക്സിനുകളും വികസിപ്പിച്ചിട്ടുണ്ട്.
കുരങ്ങുവസൂരിയല്ല എംപോക്സ്
എംപോക്സ് വൈറസിനെ കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് മങ്കിപോക്സ് ( Mpox) എന്ന പേര് വൈറസിന് ലഭിക്കുന്നത്. എന്നാൽ പ്രകൃതിയിൽ വൈറസിൻ്റെ സ്വാഭാവികസംഭരണികൾ കുരങ്ങുകൾ തന്നെയാണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അണ്ണാൻ, വിവിധ തരം കാട്ടെലികൾ, ഈനാംപേച്ചി, മുള്ളൻപന്നി തുടങ്ങി കരണ്ടുതിന്നുന്ന ഒട്ടനേകം ചെറിയ സസ്തനികളിലും എംപോക്സ് വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മങ്കിപോക്സ് എന്ന പേരിനുപിന്നിലെ തെറ്റിദ്ധാരണയും, അശാസ്ത്രീയതയും ഒഴിവാക്കാൻ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നതിന് പകരം ഇനി എംപോക്‌സ് എന്ന് വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. മാത്രമല്ല, മങ്കിപോക്സ് എന്ന് വിളിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന ആഫ്രിക്കക്കാർക്ക് എതിരെയുള്ള വംശീയ അധിക്ഷേപവും പേരുമാറ്റത്തിന് പ്രേരമായിട്ടുണ്ട്. 2022 - ലെ രോഗവ്യാപന കാലത്തായിരുന്നു ഈ മാറ്റം.
ആഗോള മഹാമാരിയാവുവോ എംപോക്സ്
ഒരു പകർച്ചവ്യാധി വൻകരകളുടെ അതിർത്തികൾ ഭേദിച്ച് പടരുകയും ദ്രുതഗതിയിൽ ലോകം മുഴുവൻ വ്യാപിക്കുകയും രോഗബാധ ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിനെ പാൻഡമിക് അഥവാ മഹാമാരി എന്ന് വിളിക്കുന്നത്. വസൂരിയും പ്ലേഗും തുടങ്ങി കോവിഡ് വരെ ഒട്ടനേകം മഹാമാരികൾ ലോകം ഇന്നുവരെ അതിജീവിച്ചിട്ടുണ്ട്.
ഡി.ആർ. കോംഗോയിൽ തുടങ്ങി ആഫ്രിക്കയ്ക്ക് പുറത്ത് ഏതാനും രാജ്യങ്ങളിൽ സ്ഥിരീകരിച്ച എംപോക്സിനെ ഇതുവരെ ഒരു പാൻഡമിക് / മഹാമാരിയായി ലോകാരോഗ്യസംഘടന നിരീക്ഷിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ആഗോള മഹാമാരിയായി മാറിയേക്കാവുന്ന പകർച്ച വ്യാധികളുടെ പട്ടികയിൽ മുൻനിരയിൽ എംപോക്സിന് സ്ഥാനമുണ്ട് എന്ന വസ്തുത ജാഗ്രതയുടെ പ്രധാന്യം അടിവരയിടുന്നു