രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ ഒരുങ്ങുന്നു. എറണാകുളം കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ സ്ഥലമാണ് വിൽപ്പനക്ക് വെച്ചത്. വ്യവസായ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വില്പന പരസ്യം ദേശീയ,അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റായ ഇ ടെൻഡേഴ്സ് കേരളയിലും പരസ്യം നൽകിയിട്ടുണ്ട്.
ജനുവരി 29 വരെയാണ് ടെന്റർ നൽകാനുള്ള കാലാവധി. അടിസ്ഥാന വില 21 കോടി 70 ലക്ഷം ആയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കണ്ണായ ഭൂമി ആയതിനാൽ ഇതിലും കൂടുതൽ തുക വില്പനയിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന ഇടത് സർക്കാരിന്റെ കാർമികത്വത്തിൽ തന്നെ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി വിൽക്കാനൊരുങ്ങുന്നത് രൂക്ഷമായ വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. സർക്കാരിനെതിരെ വിമർശനമുയർന്ന് കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ നിരന്തരം സമരമുഖത്താണ് ഇടത് മുന്നണിയെ നയിക്കുന്ന സിപിഎം, സിപിഐ കക്ഷികൾ. നഷ്ടത്തിലായതോടെ കേന്ദ്രം പൂട്ടാൻ ഒരുങ്ങിയ വെള്ളൂർ പേപ്പർ മില്ലും പാലക്കാട് ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡും സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. അതേ സർക്കാരാണ് ഇപ്പോൾ ബാധ്യത തീർക്കാൻ ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡിന്‍റെ ഭൂമി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതെന്നതിലാണ് വൈരുദ്ധ്യം.
കടം തീർക്കാൻ ഭൂമി വിൽക്കലല്ലാതെ മറ്റ് മാർഗമില്ലെന്നാണ് മാനേജ്മെന്‍റേയും സർക്കാരിന്‍റേയും നിലപാട്. തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയനും തീരുമാനത്തിനൊപ്പമായത് സർക്കാരിന് സഹായകരമായി. ഭൂമി വിൽക്കാൻ സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
1946-ൽ ആരംഭിച്ച ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് 1959-ൽ ഉത്പാദനം തുടങ്ങിയ വൈറ്റ് സിമന്റിലൂടെയാണ് പ്രശസ്തിയാർജിച്ചത്. പിന്നീട് വേമ്പനാട് ബ്രാൻഡ് ആഗോള തലത്തിലുമെത്തി. വേമ്പനാട്ട് കായലിലെ വെള്ള കക്ക കൊണ്ടായിരുന്നു ഉത്പാദനം. എന്നാൽ കായലിൽ ഡ്രഡ്ജിങ് നിരോധിച്ചതോടെ വിദേശത്ത് നിന്ന് ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ ക്ലിങ്കർ വാങ്ങാൻ കമ്പനി നിർബന്ധിതരായി.
കുടിശിക കൂടിയതോടെ രണ്ട് വിദേശ വിതരണക്കാർ ക്ലിങ്കർ നൽകുന്നത് നിർത്തി. ഇതോടെ വൈറ്റ് സിമന്റ് ഉത്പാദനം നിലച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പ്രതിസന്ധി ഇരട്ടിച്ചു. വാൾ പുട്ടി ഉത്പാദനം മാത്രമായതോടെ കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാരുടെ ശമ്പളവും മുടങ്ങി. സർക്കാർ പറഞ്ഞു,നടന്നില്ല
പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്‍റ്സ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 2022 ജൂലൈയിൽ സർക്കാർ ഇടപെട്ടു.അടിയന്തര ധനസഹായം നൽകും,ബാധ്യതകളും നഷ്ടവും നികത്താൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കും, പാട്ട കുടിശ്ശിക തീർക്കാൻ റവന്യു, വ്യവസായ മന്ത്രിതല ചർച്ച നടത്തും, കമ്പനിയുടെ ബാധ്യത തീർക്കാൻ കാക്കനാട് വാഴക്കാലയിലുള്ള സ്ഥലം വിൽക്കും എന്നിവയായിരുന്നു വ്യവസായ മന്ത്രി പി രാജീവും ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി സർക്കാരിനേയും ബാധിച്ചതോടെ ആറ് കോടി ധനസഹായം മാത്രം സർക്കാർ നൽകി. പിന്നെ ആകെ തീരുമാനത്തിലെത്തിയത് വാഴക്കാലയിലെ സ്ഥലം വിൽക്കാമെന്നത് മാത്രം. വിൽക്കുന്നത് വിയർപ്പ് വിറ്റ് വാങ്ങിയ മണ്ണ് കേരളത്തിലെ ഏറ്റവും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനത്തിലൊന്നായിരുന്നു ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്.
കമ്പനിയുടെ ഏറ്റവും പ്രതാപകാലത്ത് 1984-ൽ വാങ്ങിതയതാണ് കാക്കനാട് വാഴക്കാലയിലെ ഭൂമി.വ്യവസായമന്ത്രി അന്ന് ഇ.അഹമ്മദ്. 40 വർഷത്തിനിപ്പുറം അതേ സ്ഥാപനത്തിന്‍റെ ബാധ്യത തീർക്കാൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഭൂമി. അസംസ്കൃത വസ്തു വിതരണക്കാർക്ക് നൽകാനുള്ളത് 6 കോടി രൂപ,ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ,നിലവിലെ ജീവനക്കാരുടെ പിഎഫ് എന്നിവ ഉൾപ്പടെ എട്ട് കോടി,2010 മുതലുള്ള പാട്ട കുടിശികയും നികുതി കുടിശികയും 16 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യത.മികച്ച തുക ടെൻഡറിൽ ലഭിച്ചാൽ ബാധ്യത മുഴുവൻ തീർക്കാമെന്നാണ് പ്രതീക്ഷ.