എറണാകുളം നഗരത്തില്‍ വിഷപ്പുക പടരാനിടയാക്കിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം നാലാം ദിവസവും പൂര്‍ണമായി അണയ്ക്കാനായില്ല. നഗരത്തില്‍ വ്യാപിച്ച പുക പടലങ്ങള്‍ക്ക് കുറവുണ്ടെങ്കിലും കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് നഗരത്തില്‍ നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ പ്രഭാത നടത്തം ഉള്‍പ്പെടെ ഒഴിവാക്കണം എന്നും, ഇന്ന് വീടുകളില്‍ കഴിയണമെന്നും ഇന്നലെ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച്ചയായതിനാല്‍ അത്യാവശ്യമല്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. അന്തരീക്ഷത്തിലെ വിഷസാന്നിധ്യം കുറയ്ക്കാന്‍ ബ്രഹ്‌മപുരത്ത് ഓക്സിജന്‍ കിയോക്സ് തുറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നിലവില്‍ കൊച്ചി നഗരത്തിലെ പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം ഭാഗങ്ങളില്‍ ഇന്നും പുക നിറഞ്ഞ സാഹചര്യമാണ്.
മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാനുള്ള നടപടികളും തുടരുകയാണ്. ഉരുകുന്ന പ്ലാസ്റ്റിക്ക് മാലിന്യം താഴ്ചയില്‍ തീപടര്‍ത്തുന്നതാണ് പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാകുന്നത്. ഫയര്‍ഫോഴ്സിന്റെ എട്ട് യൂണിറ്റെത്തിയാണ് ഇന്നലെ തീയണയ്ക്കാനുളള ശ്രമം നടത്തിയത്. ഹെലികോപ്റ്ററില്‍ വെള്ളം എത്തിച്ചും തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നു. കടമ്പ്രയാറില്‍ വലിയ മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 110 ഏക്കറില്‍ നീണ്ടുകിടക്കുന്ന മാലിന്യ പ്ലാന്റായ ബ്രഹ്‌മപുരത്ത് ആറ് മേഖലയിലായാണ് മാലിന്യമുളളത്. രണ്ടാം തീയതി വൈകിട്ടോടെയാണ് മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്.
അതേസമയം, ബ്രഹ്‌മപുരത്തെ തീപ്പിടിത്തം നിയന്ത്രിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും, വിവിധ കേന്ദ്ര ഏജന്‍സികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍.
ഞായറാഴ്ച കൊച്ചി നിവാസികള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയുക, ശ്വാസതടസ്സമുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ആശുപത്രികളോട് സജ്ജമായിരിക്കാന്‍ നിര്‍ദേശിക്കാനും യോഗത്തില്‍ ധാരണയായി. തീപൂര്‍ണമായും അണയ്ക്കാനുള്ള നടപടികള്‍ക്ക് ഒപ്പം ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.