വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തലപ്പുഴ പേരിയ മേഖലയിൽ നടന്ന വെടിവയ്പിന് പിന്നാലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരം. കോഴിക്കോട് - വയനാട് അതിർത്തി വനമേഖലയായ പേര്യ ചപ്പാരം കോളനിയിലായിരുന്നു ഏറ്റുമുട്ടലെന്നാണ് വിവരം. കബനീദളത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്.
കബനീദളത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വെടിവെയ്പുണ്ടായതെന്നായിരുന്നു റിപ്പോർട്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ സംഘം പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. അര മണിക്കൂറോളം പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ് തുടർന്നതായാണ് വിവരം. ഏറ്റുമുട്ടലിൽ രണ്ട് എകെ 47 തോക്കുകളും ഒരു എസ്എൽആറും പോലീസ് പിടിച്ചെത്തിട്ടുണ്ട്.
പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു, ഇതിൽ ഒരാള്‍ക്ക് ഏറ്റുമുട്ടലിൽ വെടിയേറ്റതായും സൂചനകളുണ്ട്. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ട ബാക്കി രണ്ടുപേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതൽ പേർക്കായി മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
അതിനിടെ, മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ തമ്പിയെന്ന അനീഷിനെ തണ്ടർബോൾട്ട് സംഘം കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഈറോഡ് സ്വദേശി തമ്പി എന്ന അനീഷ് ബാബുവിനെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പിടികൂടിയത്. കൊയിലാണ്ടിക്കടുത്ത് വച്ച് വാഹനത്തില്‍നിന്നാണ് തമ്പി പിടിയിലായതെന്നാണ് സൂചന. നേരത്തേ വയനാട് പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
പിടിയിലായ അനീഷിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചപ്പാരം കോളനിയിലേക്ക് മാവോയിസ്റ്റ് സംഘമെത്തുമെന്ന വിവരം പോലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനിയിലെത്തിയിരുന്നു.