ഭേദഗതി ചെയ്ത ബാലനീതി നിയമം (2022) പ്രകാരം സംസ്ഥാനത്ത് നടന്ന ആദ്യ ദത്തിന് വേദിയായി ആലപ്പുഴ കളക്ടറേറ്റ്. ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തില്‍ നിന്നുള്ള കുഞ്ഞിനെയാണ് നിയമപരമായി കൈമാറി. വിവാഹം കഴിഞ്ഞിട്ട് 23 കൊല്ലമായി കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്കാണ് കുഞ്ഞിനെ കൈമാറിയത്.
ദത്തുനല്‍കല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി പ്രതിനിധി കെ നാസറിന് കൈമാറി. 2022ൽ വന്ന ബാലനീതി നിയമ ഭേദഗതി പ്രകാരം നൽകുവാനുള്ള അധികാരം ജില്ലാ കലക്ടർക്ക് ലഭിച്ചതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ഇത്.
ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് എസ് സന്തോഷ് കുമാര്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. ദമ്പതിമാരോട് കലക്ടര്‍ കുട്ടിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ക്ക് കൈമാറുമെന്നും അത് പ്രകാരം കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആലപ്പുഴ നഗരസഭയില്‍ നിന്ന് തന്നെ നല്‍കുമെന്നും കലക്ടർ അറിയിച്ചു.
ആലപ്പുഴ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എസ് സന്തോഷ് കുമാര്‍, ജില്ലാ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടിവി മിനിമോള്‍, ജില്ല ലോ ഓഫീസര്‍ സി ഉദയകുമാര്‍ ഡിസിപിഒ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അനു ജയിംസ്, സീനിയര്‍ സുപ്രണ്ട് പ്രീത പ്രതാപന്‍, ജൂനിയര്‍ സുപ്രണ്ട് വിനോദ് ജോണ്‍, സീനിയര്‍ ക്ലര്‍ക്ക് എം ആര്‍ രാജേഷ്, ശിശു പരിചരണ കേന്ദ്രം ഇന്‍ ചാര്‍ജ് പ്രിമ സുബാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.