കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. ഇന്ന് കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നേതൃത്തിത്വം നൽകുന്ന ഉന്നതതല പോലീസ് സംഘത്തിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അതേസമയം ആരോപണവിധേയനായ പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഡിജിപിയെക്കൂടാതെ സൗത്ത് സോൺ ഐജിയും തിരുവനന്തപുരം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനൻ, എസ്എസ്പി ഇന്റലിജിൻസ് എസ്പി എ ഷാനവാസ് എന്നിവരടങ്ങുന്നതാണ് സംഘം.
സേനയിലെ പുഴുക്കുത്തുകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 108 പോലീസ് ഉദ്യോഗസ്ഥരെ ഇതിനോടകം സേനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞത്. എഡിജിപി എംആർ അജിത് കുമാറിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
സത്യസന്ധരായ പോലീസുകാരാണ് അധികവും, അവര്‍ക്ക് കലര്‍പ്പില്ലാത്ത പിന്തുണ സര്‍ക്കാര്‍ നല്‍കും. മനുഷ്യത്വം നീതി എന്നിവ ഉയര്‍ത്തിപിടിക്കണം. അതിന് പ്രാപ്തരായവരാണ് പോലീസ് സേനയിലെ അംഗങ്ങള്‍. ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കേരളാ പോലീസിന് ആരെയും പേടിക്കേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യയിടപെടലുകളും പോലീസിന് വിലങ്ങുതടിയാകില്ല. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. എന്നാല്‍ ഇതിനെതിരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ഒരാളുടെ തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയുണ്ടാകുന്നു. അവരെ സംബന്ധിച്ച കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. അത്തരക്കാരെ പോലീസ് സേനയില്‍ ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാരിനുണ്ടെന്നും പിണറായി പറഞ്ഞു.
മുന്‍പൊക്കെ ഇടയ്ക്കിടെ ക്രമസമാധാന നിലവിളികള്‍ ഉയരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയും അതുണ്ടായിട്ടില്ല. ക്രമസമാധാനമെന്ന വിഷയം ഒരാള്‍ക്ക് ഉന്നയിക്കാനാകാത്തവിധം നിലനിര്‍ത്താന്‍ സുപ്രധാന പങ്കാണ് പോലീസ് സേനയിലെ ഓരോ അംഗവും വഹിക്കുന്നത്. അടുത്തിടെയായി സേനയിലേക്ക് കടന്നുവരുന്നവരെ പരിശോധിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ കടന്നുവരുന്നതായി കാണാം. അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും പ്രതീക്ഷിക്കുന്നു. ലോകോത്തര സേനയ്ക്കാനുള്ള വിവിധ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി കോട്ടയത്ത് പറഞ്ഞു.