അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള വിവാദ റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ചാണ്. അതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.
2018 ലെ യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡിയും 55 ശതമാനം മാര്‍ക്ക് ബിരുദാന്തര ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. ഇത്തരം യോഗ്യതകളോടെയാണ് പ്രിയാ വര്‍ഗീസ് അപേക്ഷിച്ചതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. എന്നാല്‍, പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നായിരുന്നു നേരത്തെ യുജിസി കോടതിയെ അറിയിച്ചിരുന്നത്. ഗവേഷണകാലം നിയമനത്തിനാവശ്യമായ അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു യുജിസി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നായിരുന്നു നേരത്തെ യുജിസി കോടതിയെ അറിയിച്ചിരുന്നത്
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയാ വര്‍ഗീസിന്റെ നിയമനം നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. പിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ കൂടിയായ പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത് മതിയായ യോഗ്യതയില്ലാതെയാണ് എന്നും, അതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നുമുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. സര്‍വകലാശാലയിലെ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനും ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകനുമായ ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മതിയായ എല്ലാ യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് പ്രിയയുടെ അവകാശവാദം.