ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റു. പുതുവത്സര ദിനത്തില്‍ നെടുങ്കണ്ടം ക്യാമല്‍ റെസ്റ്റോ എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
ഹോം ഡെലിവറിയായാണ് പുതുവത്സര ദിനത്തില്‍ നെടുങ്കണ്ടം സ്വദേശി ബിബിന്‍ ഷവര്‍മ്മ വാങ്ങിയത്. രാത്രിയോടെ ബിബിന്റെ ഏഴ് വയസുള്ള മകന്‍ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസം ബിബിനും അമ്മ ലിസിയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.
ഇന്നാണ് ആരോഗ്യ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിയത്. വൃത്തി ഹീനമെന്ന് കണ്ടെതിനെ തുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാസര്‍ഗോഡ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചിരുന്നു. കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതിയുടെ മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് അഞ്ജു ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഡിസംബര്‍ 31നാണ് കുഴിമന്തി ഓണ്‍ലൈനില്‍ വാങ്ങി കഴിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് നഴ്‌സ് മരിച്ച് ഒരാഴ്ച പിന്നിടും മുന്‍പാണ് അഞ്ജുവിന്റെ മരണം. കോട്ടയം സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് അല്‍ഫാം കഴിച്ചതിന് ശേഷമാണ് നഴ്സായ രശ്മിക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ചികിത്സയിലിരിക്കെയായിരുന്നു രശ്മിയുടെ മരണം.