വന നശീകരണം മുതല്‍ പ്രകോപനങ്ങള്‍ വരെ കേരളത്തില്‍ മനുഷ്യ - വന്യജീവി സംഘര്‍ഷത്തിന് കാരണമാകുന്നെന്ന് വിലയിരുത്തല്‍. വനം വകുപ്പ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പത്തോളം പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരോ പ്രദേശത്തും കാരണങ്ങളും സാഹചര്യങ്ങളും പലതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശൈത്യ കാലത്തിന് ശേഷവും, വേനല്‍ കനക്കുന്ന മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലുമാണ് വന്യ ജീവി ആക്രമണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നത്. ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്ന നിലയുണ്ടാകുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പ് മേഖലയിലും വയനാട്, മണ്ണാര്‍ക്കാട്, ചാലക്കുടി - മലയാറ്റൂര്‍, പാലക്കാട്, നിലമ്പൂര്‍, മൂന്നാര്‍, റാന്നി, കോന്നി, തിരുവനന്തപുരം മേഖലകളാണ് കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ ഹോട്ട് സ്‌പോട്ടുകളെന്നും വനം വകുപ്പ് പറയുന്നു.
വയനാട് മേഖലയില്‍ കടുവ, കാട്ടാന തുടങ്ങിയവയുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കൊട്ടിയൂര്‍ മേഖലയില്‍ പ്രദേശവാസികള്‍ വയ്ക്കുന്ന കെണികളില്‍ കടുവകള്‍ വരെ കുടുങ്ങുന്ന സാഹചര്യം പതിവാണ്. ചാലക്കുടി മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണം എച്ച് എംഎല്‍ പ്ലാന്റേഷന്‍ തയ്യാറാക്കിയ 24 കിലോമീറ്റര്‍ വരുന്ന ട്രഞ്ചാണെന്നും വനം വകുപ്പ് പറയുന്നു. ട്രഞ്ച് ആനത്താരകള്‍ ഇല്ലാതാക്കി. ഇതോടെ ആനക്കൂട്ടം മറ്റ് വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സാഹചര്യം മോശമാക്കുകയാണ് ഉണ്ടായത്.
ആനകള്‍ വിളകള്‍ നശിപ്പിക്കുതാണ് പാലക്കാട് പ്രദേശങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും വനം വകുപ്പ് പറയുന്നു. കൃഷിയെന്ന സാഹചര്യമാറി റിസോര്‍ട്ട് ടൂറിസം ഉള്‍പ്പെടെ വ്യാപകമായതോടെ മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന അവസ്ഥയുള്‍പ്പെടെ വര്‍ധിച്ചതും ദാരുണമായ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ട്. വനത്തിനോട് ചേര്‍ന്നുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതും കൃഷിരീതിയിലെ വ്യതിയാനവും വനഭൂമി കുറയുന്നും ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് കാരണമെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുത്.
ഒരോ മേഖലയിലും സാഹചര്യങ്ങള്‍ പലതാണ്, അതിനാല്‍ അവയെ നേരിടേണ്ട രീതിയും വ്യത്യസ്തമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഫീല്‍ഡ് തലത്തില്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രശ്‌നങ്ങള്‍ പഠിച്ച് വേണം ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍. വയനാട്ടിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) മികച്ച ഉദാഹരണമാണ്. മറ്റ് ആര്‍ആര്‍ടികളെയും ഇതേ നിലയിലേക്ക് സജ്ജീകരിക്കേണ്ടതുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യ വന്യ ജീവി സംഘര്‍ഷം സംബന്ധിച്ച സംഭവങ്ങളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പാമ്പുകടിയേറ്റതുള്‍പ്പെടെ 6,662 സംഭവങ്ങളാണ് 2019-20ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2021-22ല്‍ ഇത് 8,076 എണ്ണമായി ഉയര്‍ന്നു.