KERALA

വായ്പാ തിരിച്ചടവ് മുടങ്ങി; കരിപ്പൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് ജപ്തി നോട്ടീസ്

വാടക കെട്ടിടത്തിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല

ദ ഫോർത്ത്- മലപ്പുറം

മതിയായ ശുചിമുറി സൗകര്യമില്ല; ലോക്കപ്പില്ല; ഒടുവിൽ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസും. 14 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ കാനറാ ബാങ്ക് ഉദ്യോഗസ്ഥരെത്തി ജപ്തി നോട്ടീസ് പതിച്ചു. 17.5 സെന്റ് സ്ഥലവും പോലീസ് സ്റ്റേഷൻ കെട്ടിടവും ഉൾപ്പെടുന്ന വസ്തുവച്ച് ഉടമയായ സ്വകാര്യ വ്യക്തിയെടുത്തിരുന്ന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് പോലീസ് സ്റ്റേഷൻ കെട്ടിടമടക്കം ജപ്തി ചെയ്യുന്ന നടപടി ബാങ്ക് കൈക്കൊണ്ടത്.

സ്വകാര്യ കമ്പനിയുടെ പേരിലാണ് ഉടമ 5.69 കോടി രൂപ വായ്പയെടുത്തിരുന്നത്. 2009ൽ കോടിയേരി ബാലകൃഷ്ണനാണ് കരിപ്പൂർ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. 2009 മുതൽ 8,000 രൂപ മാസവാടകയിലാണ് കെട്ടിടത്തിന്റെ പ്രവർത്തനം.
പോലീസ് സ്റ്റേഷനായി സ്വന്തം കെട്ടിടം ഒരുക്കാൻ പഞ്ചായത്ത് പരിധിയിൽ ഇതുവരെ സ്ഥലം കണ്ടെത്താൻ സർക്കാരിനായിട്ടില്ല. കരിപ്പൂർ വിമാനത്താവള പരിധിയിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷൻ ജില്ലയിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ്. പുതിയ കെട്ടിടത്തിനായി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ ശ്രമവും വിഫലമായി. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജപ്തി നടപടി പൂർത്തിയാവുന്നതോടെ നിലവിലെ കെട്ടിടവും നഷ്ടമായേക്കും.

അഞ്ച് വനിതാ പോലീസടക്കം 47 ജീവനക്കാരാണ് കരിപ്പൂർ സ്റ്റേഷനിലുള്ളത്. മതിയായ ശുചിമുറി സൗകര്യം പോലും
കെട്ടിടത്തിലില്ല. 47 ജീവനക്കാർക്കായി കെട്ടിടത്തിന് പിറകിൽ ഷീറ്റിട്ട ഒരു ശുചിമുറിയാണുള്ളത്. ഇത് മഴ പെയ്താൽ ചോർന്നൊലിക്കുകയും ചെയ്യും. വനിതകളുടെ റെസ്റ്റ് റൂമിലും വേണ്ടത്ര സൗകര്യങ്ങളില്ല. വാഹനം നിർത്തിയിടാൻ സൗകര്യമില്ലാത്തും വലിയ പ്രതിസന്ധിയാണ്. പഴയ വയറിങ്ങായതിനാൽ ഷോർട്ട് സർക്യൂട്ട് കാരണം വൈദ്യുതിക്കും കാര്യമായ പ്രശ്നങ്ങളുണ്ട്. ജീവനടക്കം അപകടത്തിലാവുന്ന സാഹചര്യത്തിലാണ് ഒരുകൂട്ടം പോലീസുകാർ ഇവിടെ ജോലി ചെയ്യുന്നത്.

പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് സൗകര്യമില്ലാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പ്രതിയെ കൊണ്ടുവന്നാൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കൊണ്ടോട്ടി പോലീസ് സ്റ്റേഷന്റെ ലോക്കപ്പിലേക്ക് കൊണ്ടുപോവാറാണ് പതിവ്. കൊണ്ടോട്ടിയിൽ ആ സമയം വേറെ പ്രതികളുണ്ടെങ്കിൽ അതും തലവേദനയാണ്. കരിപ്പൂർ എയർപോട്ടിന്റെ പുറത്ത് നിന്നും പോലീസ് പലപ്പോഴും സ്വർണ്ണം പിടികൂടാറുണ്ട്. പിടിച്ചെടുത്ത സ്വർണ്ണവും പ്രതിയുമായി ആദ്യം കരിപ്പൂർ സ്റ്റേഷനിൽ എത്തണം. പിടിച്ചെടുത്ത തൊണ്ടിമുതൽ സൂക്ഷിക്കാൻ പോലും മതിതായ സൗകര്യമില്ലെന്നതിനാൽ വളരെയധികം പാടുപെട്ടാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ ജോലി നിർവഹിക്കുന്നത്. ലോക്കപ്പ് പോലുമില്ലാതെ ഒരു പോലീസ് സ്റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്നുവെന്നത് സർക്കാരിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഇതുവരെ സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടം നിർമിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ