KERALA

സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് സ്വന്തം ഫോണില്‍; പിടിക്കപ്പെടുമെന്ന് ഭയന്നപ്പോൾ കീറിയെറിഞ്ഞു: വിദ്യയുടെ മൊഴി പുറത്ത്

വെബ് ഡെസ്ക്

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലി നേടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ കെ വിദ്യ രേഖകളുണ്ടാക്കിയത് സ്വന്തം ഫോണിലെന്ന് പോലീസ്. കോടതിയില്‍ സമര്‍പ്പിച്ച വിദ്യയുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തന്നെക്കാള്‍ യോഗ്യതയുള്ളവര്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു അത് കാരണം ജോലി ലഭിക്കില്ലെന്ന പേടിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വിദ്യ പോലീസിന് നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ രേഖകള്‍ നശിപ്പിച്ചതായും വിദ്യ പറയുന്നു. കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതേ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ സമര്‍പ്പിച്ചു. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള് നശിപ്പിച്ചെന്നുമാണ് മൊഴിയിലെ പരാമര്‍ശം.

മഹാരാജാസ് കോളേജില്‍ നിന്നും ലഭിച്ച ആസ്പയര്‍ ഫെല്ലോഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും കോളേജിന്റെ സീലും ഒപ്പും ക്യാം സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തു

കാസര്‍ഗോഡ് കരിന്തളം കോളേജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചര്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ടെന്നും അഭിമുഖം നടക്കാന്‍ പോകുന്നു എന്നും അറിഞ്ഞു. അതേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന മറ്റൊരു ഉദ്യോഗാര്‍ഥിക്ക് തന്നെക്കാള്‍ യോഗ്യതയുണ്ടെന്നും മനസിലാക്കി. അവര്‍ പങ്കെടുത്താല്‍ തനിക്ക് ജോലി കിട്ടില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മഹാരാജാസ് കോളേജിന്റെ പേരില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാമെന്ന് തീരുമാനിച്ചത്. സ്വന്തം മൊബൈലില്‍ തന്നെയാണ് എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വിദ്യ പറയുന്നു.

മൊബൈല്‍ ഫോണില്‍ വേര്‍ഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ആസ്പയര്‍ ഫെല്ലോഷിപ്പ് ചെയ്തപ്പോള്‍ മഹാരാജാസ് കോളേജില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ നിന്നും കോളേജിന്റെ സീലും ഒപ്പും ക്യാം സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത ഇമേജാക്കി. ശേഷം അതില്‍ നിന്നും ക്രോപ്പ് ചെയ്ത് ആ ഇമേജ് സര്‍ട്ടിഫിക്കറ്റിലേക്ക് മാറ്റി. എംബ്ലം ഗൂഗിളില്‍ നിന്നും സെര്‍ച്ച് ചെയ്ത് എടുത്ത് ഉപയോഗിച്ചു എന്നും വിദ്യ മൊഴിയില്‍ പറഞ്ഞു.

യോഗ്യതയുള്ള ഒരു വിദ്യാര്‍ഥിയെ പിന്‍തള്ളി കാസര്‍ഗോഡ് കരിന്തളം കോളേജില്‍ ജോലിയില്‍ പ്രവേശിച്ച് 10 മാസം ജോലി ചെയ്ത് ശമ്പളം കൈപറ്റുകയും അവിടെ നിന്നും കിട്ടിയ ആത്മവിശ്വാസത്തില്‍ അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ നടന്ന ഗസ്റ്റ് ലക്ച്ചര്‍ ഇന്റര്‍വ്യൂവില്‍ അതേ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള് നശിപ്പിക്കുകയും ചെയ്‌തെന്നും മൊഴിയിലുണ്ട്.

2018 ജൂണ്‍ ആറ് മുതല്‍ 2019 മാര്‍ച്ച് വരെ മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചററായി ജോലി ചെയ്തിരുന്നു എന്നുള്ള എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മഹാരാജാസില്‍ നിന്നും 2019 ഏപ്രില്‍ നാല് , 2021 ഏപ്രില്‍ ഒന്ന് തിയതികളിലായി ഇഷ്യൂ ചെയ്തു എന്നുള്ള സര്‍ട്ടിഫിക്കറ്റാണ് താന്‍ ഉണ്ടാക്കിയത് എന്നും വിദ്യ പറഞ്ഞു. പ്രിന്റ് എടുക്കണമെങ്കില്‍ മെയില്‍ ചെയ്താലെ പറ്റു എന്നും പ്രിന്റ് എടുത്തത് എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് വിദ്യയുടെ മൊഴി. അപ്പോള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ തറയില്‍ വീണ് പൊട്ടി ഡിസ്‌പ്ലെ പോയത് കാരണം പുതിയ ഫോണ്‍ വാങ്ങിയെന്നും വിദ്യ പറഞ്ഞു.

കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതേ സര്‍ട്ടിഫിക്കറ്റാണ് രാജീവ് ഗാന്ധി കോളേജിലെ ഇന്റര്‍വ്യൂ ബോഡിന് മുന്നില്‍ സമര്‍പ്പിച്ചത്

കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതേ സര്‍ട്ടിഫിക്കറ്റാണ് രാജീവ് ഗാന്ധി കോളേജിലെ ഇന്റര്‍വ്യൂ ബോഡിന് മുന്നില്‍ വച്ചത്. ഇന്റെര്‍വ്യൂ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് കോപ്പി വാങ്ങിവച്ച് ഒറിജിനല്‍ തിരികെ തന്നു. ശേഷം എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സംശയം ഉണ്ടെന്ന് എന്ന് പറഞ്ഞ കോളേജില്‍ നിന്നും കോള്‍ വന്നു. താന്‍ അപ്പോള്‍ തന്നെ കോള്‍ കട്ട് ചെയ്തു കയ്യില്‍ ഉണ്ടായിരുന്നു സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ അട്ടപ്പാടി ചുരത്തിലെ കാട്ടിലേക്ക് കീറിയെറിഞ്ഞുവെന്നും വിദ്യ പറഞ്ഞു. എട്ടാം തിയതി പുലര്‍ച്ചെയാണ് ഒളിവില്‍ കഴിയാനായി കോഴിക്കോട് കട്ടോത്തുള്ള രോഹിതിന്റെ വീട്ടില്‍ എത്തിയത്. രോഹിത് കാലിക്കറ്റ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്നു അവിടെ വച്ചാണ് രോഹിതിനെ പരിജയമെന്നും മൊഴിയിലുണ്ട്.

വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് വിദ്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി