കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനു മേല്‍ കുരുക്ക് മുറുക്കി ഇഡി. സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിനു പിന്നാലെ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിന്റെ അറസ്റ്റും ഇഡി രേഖപ്പെടുത്തി. കേസില്‍ ജില്‍സിനെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ അറിവില്ലാതെ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന ഇഡിയുടെ നിഗമനത്തിലാണ് ജില്‍സിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. ബാങ്കിലെ എല്ലാ ഇടപാടുകളും ജില്‍സിന് അറിയാമെന്നാണ് ഇഡിയുടെ നിഗമനം.
കേസുമായി ബന്ധപ്പെട്ട് സിപിഎം വടക്കഞ്ചേരി കൗണ്‍ലിവര്‍ പി ആര്‍ അരവിന്ദാക്ഷനെ ഇന്ന് ഉച്ചയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകള്‍ക്കും അരവിന്ദാക്ഷന്‍ ഇടനിലക്കാരനായിരുന്നു എന്നതാണ് പേരിലുള്ള കുറ്റം. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ എത്തിച്ചു.
ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്നുണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റാണിത്
എസി മൊയ്തീനും പികെ ബിജുവുമാണ് നേരത്തെ ആരോപണം നേരിട്ട സിപിഎം നേതാക്കള്‍. എസി മൊയ്തീന്റെ വീട്ടിലുള്‍പ്പെടെ റെയ്ഡ് നടത്തിയിട്ടും ചോദ്യം ചെയ്തിട്ടും തെളിവൊന്നും കണ്ടെത്താനായില്ല എന്നതായിരുന്നു സിപിഎം അവകാശവാദം. ഇതിനെല്ലാം ഒടുവിലാണ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.