KERALA

അവയവദാനം: ദുരൂഹത ആരോപിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ; 'ലേക്‌ഷോ‍ർ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ പോലീസ് സർജന്റെ മൊഴി'

ഷബ്ന സിയാദ്

മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്‌തെന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ പരാതി ഉയര്‍ന്ന സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഗുരുതര വെളിപ്പെടുത്തല്‍. എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആണെന്നും ഇതുവഴി മറ്റ് ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പോലീസ് സര്‍ജന്‍ മൊഴി നല്‍കിയിരുന്നതായി റിട്ട. ഡിവൈ എസ് പി ഫെയ്മസ് വര്‍ഗീസ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

കോതമംഗലം സി ഐയായിരിക്കെ മറ്റൊരു കേസിന്റെ ആവശ്യാര്‍ത്ഥം ത്യശൂര്‍ കോടതിയില്‍ പോയപ്പോഴാണ് എബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജനെ അവിചാരിതമായി കണ്ടുമുട്ടിയത്. സംസാരത്തിനിടെയാണ് ഈ കേസിനെക്കുറിച്ച് പറയുന്നത്. പിന്നീട് ഓഫിസിലെത്തി ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നി. പോലീസ് സര്‍ജന്റെയും ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മൊഴിയെടുത്തു.

തലയില്‍ രക്തം കട്ടപിടിച്ചതിന് നല്‍കേണ്ട ചികിത്സ നിഷേധിച്ചതായും ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചില്ലെന്നും പോലീസ് സര്‍ജന്‍ മൊഴി നല്‍കിയിരുന്നു. അതുപോലെ വ്യക്കകളും കരളും നീക്കം ചെയ്യുമ്പോള്‍ മറ്റ് ആന്തരികാവയവങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായും പോലീസ് സര്‍ജന്റെ മൊഴിയില്‍ പറയുന്നു.

എബിന്റെ വ്യക്കകള്‍ ഐറണാകുളത്തെ പി വി എസ്, അമ്യത ആശുപത്രികള്‍ക്കും കരള്‍ മലേഷ്യന്‍ പൗരനും നല്‍കിയെന്നായിരുന്നു അന്ന് പറഞ്ഞത്. ഈ കേസില്‍ അന്നേ ദുരൂഹത തോന്നി. ഇതേക്കുറിച്ച് ഡിഐജി ആര്‍ ശ്രീലേഖയെ അറിയിച്ചിരുന്നു. അതിനുശേഷം എന്ത് സംഭവിച്ചെന്നറിയില്ലെന്നും ഫെയ്മസ് വര്‍ഗീസ് പറഞ്ഞു.

2009 നവംബര്‍ 29ന് ബൈക്കപകടത്തില്‍ പരുക്കേറ്റ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ പതിനെട്ടുകാരന്‍ അബിനെ വേണ്ട ചികിത്സ നല്‍കാതെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്ത് അവയവദാനം നടത്തിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു അടുത്തിടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ യുവാവിനെ ആദ്യം പ്രവേശിപ്പിച്ച കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയും തുടര്‍ന്ന് പ്രവേശിപ്പിച്ച എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയും നിഷേധിച്ചുവെന്നായിരുന്നു ഡോ. ഗണപതിയുടെ പരാതി. ഈ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ എബിനെ രക്ഷിക്കാമായിരുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും