മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു. 76 വയസായിരുന്നു. 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി.
1980ൽ വണ്ടൂരിൽനിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയിൽ എത്തുന്നത്.1987ൽ ചേലക്കരയിൽ നിന്നും 1996, 2001 വർഷങ്ങളിൽ ഞാറക്കലിൽ നിന്നും വിജയിച്ചു. 2001 മേയ് മുതൽ 2004 ഓഗസ്റ്റ് വരെ പിന്നാക്ക - പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗം, ദക്ഷിണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെ പി സി സി നിർവാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും അഞ്ചുവർഷം ആരോഗ്യ വകുപ്പിൽ അസി. സർജനായും നാലുവർഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായും സേവനം അനുഷ്ഠിച്ചു.
സമീപ വർഷങ്ങളിൽ രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. 2016 ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. ചികിത്സയിലൂടെ പതുക്കെ രോഗശാന്തി നേടാനായെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ബിബിയാണ് ഭാര്യ.