KERALA

'അടൂരിന് സവര്‍ണ മനോഭാവം'; സിപിഎം നിലപാട് തള്ളി മുന്‍ എംപി എസ് അജയകുമാര്‍

ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന മഹാനായ നേതാവ് കെആര്‍ നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

വെബ് ഡെസ്ക്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം നിലപാട് തള്ളി മുന്‍ എംപി എസ് അജയകുമാര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന് എതിരായ ആരോപണങ്ങള്‍ തള്ളുകയും, പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഒറ്റപ്പാലം മുന്‍ എംപിയും നിലവില്‍ എസ് സി എസ് ടി കമ്മീഷന്‍ അംഗവുമായ എസ് അജയകുമാര്‍ രംഗത്തെത്തിയത്. കെ ആര്‍ നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അവിടെ ഇരുന്നുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തികച്ചും ധാര്‍ഷ്ട്യത്തോടെ, സവര്‍ണ മനോഭാവത്തോടെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പുരോഗമന കേരളം ശക്തമായി തന്നെ പ്രതികരിക്കുമെന്നും എസ് അജയകുമാര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അജയകുമാറിന്റെ പ്രതികരണം.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ശങ്കര്‍ മോഹന്‍ ഡയറക്ടറായി വന്ന 2019 ന് ശേഷം നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷണ വിധേയമാക്കണം എന്നും എസ് അജയകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണാധികാരികള്‍ ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണം. ആരൊക്കെ ഏതൊക്കെ രൂപത്തില്‍ ജാതി വിവേചനത്തെ ന്യായികരിക്കാന്‍ ശ്രമിച്ചാലും അത് പ്രബുദ്ധ കേരളം അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും അജയകുമാര്‍ നല്‍കുന്നു.

അടൂരിനെ ജാതിവാദിയാക്കുന്നത് ഭോഷ്‌കാണെന്നായിരുന്നു നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി നേരത്തെ സ്വീകരിച്ച നിലപാട്. അടൂര്‍ ജീവിതകാലം മുഴുവന്‍ ഒരു മതേതരവാദിയായിരുന്നുവെന്നും വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിരെ നിന്ന വ്യക്തിയാണ്. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപ്ലവകരമാണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാദങ്ങള്‍ കത്തി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അടൂര്‍ പങ്കെടുത്തിരുന്നു. ദേശാഭിമാനി 80ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമഗ്രസംഭാവന പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും അടൂര്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്