അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവ വിദ്യാർഥി അറസ്റ്റിൽ. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയി (26)യാണ് സൈബർ പോലീസിന്റെ പിടിയിലായത്. ജില്ലാ അഡീഷനൽ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അവരുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി കൂട്ടിചേർത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്.
വ്യാജമായി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രതി അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു
അധ്യാപികയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രതി അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയുടെ ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത നൂറിലധികം അശ്ലീല ഫോട്ടോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയെ അപകീർത്തിപ്പെടുത്താനും അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി കുറ്റം സമ്മതിച്ചു.
രണ്ടായിരത്തോളം ആളുകളാണ് അധ്യാപികയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. 2014- 2016 അക്കാദമിക വർഷത്തിൽ എംഎസ്പി സ്കൂളിലെ ഹയർസെക്കന്ററി വിദ്യാർഥിയായിരുന്നു പിടിയിലായ ബിനോയ്. നടപടികൾ പൂർത്തിയാക്കി പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.