തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാതല ഏകോപനത്തിന് നാലംഗ സമിതിയെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. ചീഫ് സെക്രട്ടറിയായിരിക്കും സംസ്ഥാനതലത്തില്‍ ഏകോപന ചുമതല.
ആഴ്ചയിലൊരിക്കല്‍ ജില്ലാതല സമിതി അവലോകനം നടത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ നടപടികളുടെ പുരോഗതി വിലയിരുത്തി ജില്ലാതല ഏകോപന സമിതിക്ക് എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തെരുവുനായ്ക്കളില്‍ വന്ധ്യംകരണം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ ജില്ലാതല ഏകോപന സമിതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാന്‍ ജില്ലാ ഭരണകൂടം ശ്രദ്ധ ചെലുത്തും. ഇതിനായി കല്യാണമണ്ഡപ ഉടമകള്‍, റെസ്റ്റോറന്റ് നടത്തിപ്പുകാര്‍, മാംസവ്യാപാരികള്‍ എന്നിവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ക്ലീന്‍ കേരള കമ്പനി വഴി പൊതുസ്ഥലങ്ങളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്.