കക്കുകളി വിവാദത്തിൽ വിലക്ക് ശരിയല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്തരുതെന്നും കഥാകൃത്ത് ഫ്രാൻസിസ് നൊറോണ. ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആധാരമാക്കി സംവിധാനം ചെയ്തിരിക്കുന്ന കക്കുകളിയെന്ന നാടകം വിലക്കണമെന്ന ആവശ്യമുയർത്തി കെസിബിസി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രതികരണം. നാടകത്തിൻ്റെ പൂർണരൂപം കണ്ടിട്ടില്ല അതിനാൽ അഭിപ്രായം പറയാൻ ആവില്ല, എന്നിരുന്നാലും ഒരു കലാകാരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യമാണത്. അതിൽ കൈ കടത്തുന്നത് ശരിയല്ലെന്ന് നൊറോണ ദ ഫോർത്തിനോട് പറഞ്ഞു. വിവാദത്തിന് പകരം സംവാദത്തിലേക്കാണ് ഇത്തരം കാര്യങ്ങൾ നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ ഒരു അരയ കുടുംബത്തിൽ നിന്ന് കന്യാസ്ത്രീ മഠത്തിൽ ചേരാനെത്തുന്ന യുവതിയെ കേന്ദ്രമാക്കിയാണ് കക്കുകളിയുടെ കഥ വികസിക്കുന്നത്. കന്യാസ്ത്രീ മഠത്തിൽ പരിവർത്തിത ക്രിസ്തീയ വിഭാഗങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പ്രമേയം.നൊറോണയുടെ കഥയെ പ്രമേയമാക്കി 2022 മുതൽ അവതരിപ്പിച്ച് തുടങ്ങിയ നാടകം ഇതിനോടകം 15 വേദികളിൽ പ്രദർശനം പൂർത്തിയാക്കി.
അടുത്തിടെ ഗുരുവായൂരിൽ പ്രദർശിപ്പിച്ചതോടെയാണ് നാടകം വിവാദത്തിൽ പെട്ടത്. നാടകത്തിനെതിരെ തൃശ്ശൂർ അതിരൂപത പ്രതിഷേധവുമായി എത്തി. സാംസ്‌കാരിക കേരളത്തിന് നാടകം അപമാനമാണെന്ന് പറഞ്ഞ അതിരൂപത നാടകത്തിനെതിരെ കുർബാനയ്ക്കിടെ പള്ളികളിൽ സർക്കുലർ വായിക്കണമെന്ന് ആഹ്വാനം ചെയ്തു.തിങ്കളാഴ്ച വിശ്വാസികൾ കളക്ട്രേറ്റ് മാർച്ച് നടത്തുമെന്നും അതിരൂപത പ്രഖ്യാപിച്ചു.
തൊട്ടുപിന്നാലെ 'കക്കുകളി' എന്ന നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കം കൊണ്ട് വിശ്വാസികളെ അപമാനിക്കുന്നതാണെന്ന് വാർത്താകുറിപ്പിറക്കി കെസിബിസി ആരോപണം ഏറ്റെടുത്തു.നാടകം നിരോധിക്കണമെന്നതാണ് കെസിബിസിയുടെ ആവശ്യം.