KERALA

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഹൈക്കോടതി

ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കാമെന്നും ഡിവിഷന്‍ ബെഞ്ച്

വെബ് ഡെസ്ക്

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് ഹൈക്കോടതി. കടിയേറ്റ എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും യഥാസമയം ഫലപ്രദമായ സൗജന്യ വൈദ്യ സഹായം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി പറഞ്ഞു. തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ഗോപിനാഥ് പി.ജെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

തെരുവുനായ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഫലപ്രദമായ സംവിധാനം രൂപീകരിക്കുമ്പോള്‍ സൗജന്യ ചികിത്സയെന്ന നിര്‍ദേശം ഒഴിവാക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ നടപടികളെക്കുറിച്ച് പ്രതിവാര റിപ്പോര്‍ട്ട് നല്‍കണം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കോടതി പരാമര്‍ശിച്ചു. തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഉറപ്പാക്കേണ്ടതിനെ കുറിച്ച് നിയമ പുസ്തകങ്ങളില്‍ പറയുന്നുണ്ട്. അത് നടപ്പാക്കേണ്ട സമയമാണിത്. അടുത്ത സിറ്റിങ്ങില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

അതേസമയം, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ആനിമല്‍ വെല്‍ഫെയര്‍ ഓഫ് ഇന്ത്യ കോടതിയില്‍ സ്വീകരിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേരുന്നതല്ല. രാജ്യത്ത് എല്ലായിടത്തും ഇത്തരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം നിലനില്‍ക്കുന്നുണ്ട്. നായ്ക്കളെ തല്ലിക്കൊല്ലുന്നത് തടയാന്‍ പോലീസിന് കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ആനിമല്‍ വെല്‍ഫെയര്‍ ഓഫ് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ സര്‍ക്കുലറില്‍ പൊതുജനം നിയമം കയ്യിലെടുക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ