സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ആഡംബരത്തിന്റെയും താരപ്രഭയുടേയും തിളങ്ങുന്ന മുഖത്തിന് അപ്പുറത്ത് നെറി കേടിന്റെ വിളനിലമാണ് മലയാള സിനിമ വ്യവസായം എന്ന് തുറന്നുകാട്ടുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അവസരങ്ങള്‍ക്കായി വനിതാ താരങ്ങളെ ലൈംഗികമായി ഉള്‍പ്പെടെ ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ വരെ ലൈംഗിക താത്പര്യവും വിവേചനവും കലര്‍ത്തുന്ന നീചമായ നടപടികള്‍ സിനിമ രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അടിവരയിട്ട് പറയുന്നു.
2019 ഡിസംബര്‍ 31 മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്‌കാരിക മന്ത്രി എ കെ ബാലനും മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാല് വര്‍ഷത്തിലധികമാണ് വെളിച്ചം കാണാതിരുന്നത്. ഒടുവില്‍ വിവരാവകാശ നിയമത്തിന്റെ സമ്മര്‍ദത്താല്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ചൂഷകരെ അറിയാതെയെങ്കിലും സംരക്ഷിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളും മാറിയെന്ന് വിമര്‍ശനം ഉയര്‍ന്നാല്‍ അതിന് മറുപടി പറയാനും അധികൃതര്‍ ബാധ്യസ്ഥരാണ്.
പതിനേഴ് സാഹചര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ അടയാളപ്പെടുത്തുന്നത്. അവ ഇങ്ങനെ:
സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗിക താത്പര്യത്തിനg വഴങ്ങേണ്ടിവരുന്നു. തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കുന്നതിനും ഇത്തരത്തില്‍ ചൂഷണത്തിന് വിധേയനാകേണ്ടിവരുന്നു
ജോലിസ്ഥലത്തും യാത്രയ്ക്കിടയിലും താമസസ്ഥലത്തും പീഡനത്തിനും അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാകുന്നു
ലൈംഗിക താത്പര്യത്തിന് വഴങ്ങാത്ത സ്ത്രകള്‍ക്ക് പീഡനത്തിന് ഇരയാകുന്നു
സിനിമ സെറ്റുകളില്‍ ഉള്‍പ്പെടെ ശുചിമുറികളും വസ്ത്രം മാറാനുള്ള മുറിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകുന്നു
യാത്രയിലും താമസസ്ഥലത്തും മതിയായ സുരക്ഷ ലഭിക്കുന്നില്ല
സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അന്യായമായ വിലക്കുകള്‍ നേരിടുന്നു
സ്ത്രീകൾ ഭീഷണിക്കിരയാവുകയോ നിശ്ബദരാക്കപ്പെടുകയോ ചെയ്യുന്നു
സിനിമ വ്യവസായം പുരുഷകേന്ദ്രീകൃതം. ലിംഗ വിവേചനവും പക്ഷപാതവും ശക്തം
ലഹരിയുടെ അതിപ്രസരം. മദ്യവും മയക്കുമരുന്നും സുലഭം. മോശം പെരുമാറ്റങ്ങള്‍ വ്യാപകം
ജോലി സ്ഥലത്തും ഫോണിലും വിളിച്ച് മോശം സംസാരം
കരാര്‍ ലംഘനങ്ങള്‍ വ്യാപകം
പ്രതിഫലം നല്‍കാതിരിക്കല്‍
വേതനത്തില്‍ സ്ത്രീ-പുരുഷ വിവേചനം
സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവസരം നല്‍കാതിരിക്കല്‍
ഓണ്‍ലൈന്‍ അധിക്ഷേപം, സൈബറിടങ്ങളില്‍ അപമാനിക്കല്‍
സിനിമയിലെ സ്ത്രീകള്‍ക്ക് നിയമവശങ്ങളെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിവില്ലായ്മ നിലനില്‍ക്കുന്നു
നിയമപരമായ പരാതി പരിഹാര സംവിധാനങ്ങളുടെ അഭാവം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം: