KERALA

'ഹെഡ്മാസ്റ്റര്‍ക്കെതിരേ പ്യൂണാണോ അന്വേഷിക്കേണ്ടത്?' എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപിച്ച് പിവി അന്‍വര്‍

വെബ് ഡെസ്ക്

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങളില്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ സന്ദര്‍ശിച്ച് രേഖാമൂലം പരാതി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞു. പാര്‍ട്ടിക്കു രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അന്തസുള്ള ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച് തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു,'' അന്‍വര്‍ പറഞ്ഞു.

സംസ്ഥാനത്തെ പോലീസ് വികലമായാണ് പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് അവര്‍ ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കുന്നു. എന്തുകൊണ്ട് അവര്‍ തൃശൂര്‍ പൂരം കലക്കുന്നു. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. നടപടികള്‍ ഉണ്ടാകട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ തെളിവുകളുടെ സൂചനാ തെളിവുകളാണ് താന്‍ നല്‍കിയതെന്നും അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണെന്നും അന്‍വര്‍ പറഞ്ഞു. കേരളാ പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ പോലീസാണെന്നും അതിനാല്‍ അതിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഒന്നാംതരമായിരിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണം എങ്ങനെയാണ് നടക്കുന്നതെന്നു നോക്കട്ടെയും സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെങ്കില്‍ അന്വേഷണ സംഘം പൊതുസമൂഹത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെടുമെന്നും അതിനു മുന്നിലും താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ദാവൂദ് ഇബ്രാഹിമില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എം ആര്‍ അജിത് കുമാര്‍ എന്ന് ആരോപണം ഉന്നയിച്ച നിലമ്പൂര്‍ എംഎല്‍എ എഡിജിപിയുടെ ഭാര്യയുടെ ഫോണ്‍കോളുകളുടെ ഒരു വശത്ത് ബോംബെയിലെ കള്ളക്കടത്തുകാരുടെ സാന്നിധ്യമുണ്ടെന്നും ആരോപിക്കുന്ന പി വി അന്‍വര്‍ എം ആര്‍ അജിത് കുമാറിനെ നൊട്ടോറിയസ് ക്രിമിനല്‍ എന്നും വിശേഷിപ്പിച്ചു.

പോലീസ് സേനയിലെ കൊള്ളരുതായ്മകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പോലീസിനെ അധികം വിമര്‍ശിക്കേണ്ടെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പോലും മുന്നറിയിപ്പ് മറികടന്നാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി ശശിയെയും പിവി അന്‍വര്‍ വിമര്‍ശിച്ചു. പി ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല. എം ആര്‍ അജിത് കുമാറിനെയും പി ശശിയെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതിനപ്പുറം പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് പോലീസിലുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും