മൈക്ക് ഫ്ലിക്ക് 
KERALA

EXCLUSIVE ജർമൻ ശതകോടീശ്വരൻ മൈക്ക് ഫ്ലിക്ക് കൊല്ലത്ത് ആയുർവേദ ചികിത്സയിൽ

ബി ശ്രീജൻ

ദ ഫോർത്ത് ബ്യൂറോ / തിരുവനന്തപുരം: ഇന്നു രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയ സ്വകാര്യ ജെറ്റ് വിമാനത്തിൽ ഉണ്ടായിരുന്നത് ശത കോടീശ്വരനായ വിവാദ ജർമൻ - സ്വിസ് വ്യവസായി ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് (Friedrick Christian Flick) എന്ന മൈക്ക് ഫ്ലിക്ക്. ജർമനിയിലെ പരമ്പരാഗത വ്യവസായ കുടുംബത്തിന്റെ ഇപ്പോഴത്തെ അവകാശികളിൽ ഒരാളായ ഇദ്ദേഹം ശതകോടികൾ വിലമതിക്കുന്ന അമൂല്യമായ കലാവസ്തുക്കൾ തന്റെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിക്കുന്നയാളാണ്. 

വ്യവസായി എന്നതിനുപരി കലാസ്വാദകനും അമൂല്യ കലാസൃഷ്ടികളുടെ സമ്പാദകനും എന്ന പേരിൽ അറിയപ്പെടുന്ന ഫ്ലിക്ക് തിരുവനന്തപുരത്ത് എത്തിയത് ആയുർവേദ ചികിത്സയ്ക്ക് വേണ്ടിയാണെന്ന് അറിയുന്നു. വിമാനത്താവളത്തിൽ നിന്ന് കൊല്ലം പരവൂരുള്ള ആയുർവേദ ചികിത്സ കേന്ദ്രത്തിലേക്കാണ് ഇദ്ദേഹം പോയത്. അവിടത്തെ ചികിത്സ കഴിയുന്നതുവരെ ചാർട്ടർ ചെയ്തുവന്ന ജെറ്റ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരും. 

ഇന്നലെ രാത്രിയാണ് രണ്ടു യാത്രക്കാരുമായി വിസ്ത ജെറ്റിന്റെ വിജെടി 199 ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം ജനീവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 7.30 യോടെ വിമാനം ഇവിടെയിറങ്ങി. നിരവധി ആഡംബര ജെറ്റ് വിമാനങ്ങൾ സ്വന്തമായുള്ള വിസ്ത ജെറ്റ് കോടീശ്വരന്മാരുടെ എയർ ടാക്സി എന്നാണ് വ്യോമയാന വൃത്തങ്ങളിൽ അറിയപ്പെടുന്നത്. വിമാനത്തിൽ എത്തിയത് ശതകോടീശ്വരനായ ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് ആണെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ആദ്യം മനസിലാക്കുന്നത്. ഇത്തരം ഒരു വിവിഐപി സന്ദർശനത്തെ പറ്റി പൊലീസിന് നേരത്തെ വിവരമൊന്നും ഇല്ലായിരുന്നു.

മുത്തച്ഛനെപ്പോലെ വിവാദങ്ങളുടെ തോഴനാണ് മൈക്ക് ഫ്ലിക്കും. 2004 - ഇൽ 300 മില്യൺ ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ ബെർലിനിലെ പ്രശസ്തമായ ഹാംബർഗർ ബനോഫ് മ്യൂസിയത്തിന് ഫ്ലിക്ക് വായ്പയായി നൽകി. ഈ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനായി 10,000 ചതുരശ്ര അടി വരുന്ന പുതിയ ഗാലറി പണിയേണ്ടി വന്നു മ്യൂസിയത്തിന്. എന്നാൽ ഈ പദ്ധതിക്ക് അംഗീകാരം നൽകിയ ജർമൻ സർക്കാരിനെ  ജൂത സംഘടനകളും യുദ്ധത്തിന്റെ ഇരകളായ അടിമകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും നിശിതമായി വിമർശിച്ചിരുന്നു. മൈക്കിന്റെ സഹോദരി ഡാഗ്മർ ഓട്മാൻ കുടുംബത്തിന്റെ മേലുള്ള രക്തക്കറ കഴുകി കളഞ്ഞശേഷം മതി കലാ പ്രദർശനം എന്ന് പരസ്യമായി പ്രതികരിച്ചു. സഹോദരൻ ജെർട് റുഡോൾഫ് ഫ്ലിക്കും കുടുംബത്തെ അനാവശ്യ വിവാദങ്ങളിൽ വലിച്ചിഴച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

നിയമ ബിരുദധാരിയായ ഫ്ലിക്ക് പഠനശേഷം കുടുംബത്തിന്റെ വ്യവസായ സംരംഭങ്ങൾ നോക്കി നടത്താൻ തുടങ്ങി. അതോടൊപ്പം തന്നെ തന്റെ ഹോബിയായ അപൂർവ കലാവസ്തുക്കളുടെ ശേഖരണം മുന്നോട്ടുകൊണ്ടുപോയി. കഴിഞ്ഞ മാസം 78 വയസ് തികഞ്ഞ ഫ്ലിക്കിന്റെ സ്വകാര്യ ശേഖരമായ ‘ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക് കളക്ഷൻ’ 150 കലാകാരന്മാരുടെ സൃഷ്ടിയായ 2500 കലാരൂപങ്ങളുടെ ശേഖരമാണ്. മോഡേൺ ആർട് സൃഷ്ടികളാണ് അവയിൽ മിക്കതും. ജോൺ കെജ്, ഡേവിഡ് ക്ലയർബോട്ട്, സ്റ്റാൻ ഡഗ്‌ളാസ്‌ അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യം 1000 മില്യൺ ഡോളറെങ്കിലും  (8200 കോടി രൂപ) വരുമെന്നാണ് ഏകദേശ കണക്ക്. ശേഖരത്തിലെ അമൂല്യ കലാസൃഷ്ടികളുടെ മൂല്യം ഇതിനു പുറമെയാണ്. 

നാസി ഭരണകൂടത്തിന് ആയുധങ്ങളും പണവും നൽകി സഹായിച്ച ഫ്രെഡറിക് ഫ്ലിക്കിന്റെ മകന്റെ മകനാണ് ഫ്രെഡറിക് ക്രിസ്ത്യൻ ഫ്ലിക്ക്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ന്യൂറംബർഗ് വിചാരണയ്ക്കു പിന്നാലെ നടന്ന ഫ്ലിക്ക് വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ട ഫ്രെഡറിക് ഫ്ലിക്കിനെ യുദ്ധകുറ്റങ്ങൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി ഏഴു വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്റെ കീഴിലുള്ള മൈനുകളിൽ ജയിലിൽ അടച്ചവർ ഉൾപ്പെടെയുള്ള 60,000 റഷ്യൻ അടിമ തൊഴിലാളികളെ ജോലിക്കു വയ്ക്കുകയും മനുഷ്യത്വ രഹിതമായ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്തുവെന്നായിരുന്നു ഫ്ലിക്കിനു മേൽ ചുമത്തിയ കുറ്റം. മൂന്നു വർഷം ജയിൽശിക്ഷ അനുഭവിച്ച ഫ്ലിക്ക് പുറത്തിറങ്ങി തകർന്നടിഞ്ഞ വ്യവസായ സാമ്രാജ്യം പൂർവാധികം ശക്തിയോടെ പുനർനിർമിച്ചു. 

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം