നാല് പതിറ്റാണ്ടിന് ശേഷം ചാല ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച ആരംഭിച്ച ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലാണ് പെണ്‍കുട്ടികള്‍ അഡ്മിഷന്‍ നേടിയിരിക്കുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ വലിയശാല കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കാന്തല്ലൂര്‍ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്‌കൂള്‍.
മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേള്‍സ് സ്‌കൂള്‍, തമിഴ് സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂള്‍ ആയി മാറിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍- പെണ്‍ വേര്‍തിരിവ് പാടില്ല എന്ന് ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു.