കരിപ്പൂർ വിമാനത്താവളത്തില്‍ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി. പുലർച്ചെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വർണം പിടികൂടിയത്. ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദ് ചോലഞ്ചേരിയാണ് പിടിയിലായത്. 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകളാണ് കണ്ടെടുത്തത്.
ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവൃത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. വ്യാഴാഴ്ചയും കരിപ്പൂരില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. ഏകദേശം 23 ലക്ഷം രൂപ വില മതിക്കുന്ന 491 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. തുടർച്ചയായ ദിവസങ്ങളില്‍ സ്വർണം പിടികൂടിയതോടെ കസ്റ്റംസ് നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം നവംബർ 30 വരെ പിടികൂടിയത് 130 കോടിയുടെ സ്വർണമാണ്. 253.33 കിലോ സ്വർണമാണ് കരിപ്പൂർ വഴി നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ 320 കേസുകളാണ് ഈ വർഷം നവംബർ 30 വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.