കരിപ്പൂരില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടി കസ്റ്റംസ്. ഏകദേശം 23 ലക്ഷം രൂപ വില മതിക്കുന്ന 491 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ കാസര്‍ഗോഡ് കുടുലു സ്വദേശിയായ അബ്ദുല്‍ ബിലാലിന്‍റെ കൈവശമായിരുന്നു സ്വര്‍ണം . 491 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്വർണക്കടത്ത് സംഘം വാഗ്ദാനം ചെയ്ത 30000 രൂപക്ക് വേണ്ടിയാണ് ബിലാല്‍ കൂട്ടുനിന്നതെന്നാണ് ഉദ്യാഗസ്ഥരോട് വ്യക്തമാക്കിയത്.
ഇന്നലെ 62 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിലും കാല്‍പാദത്തിനടിയിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1065 ഗ്രാം സ്വര്‍ണ മിശ്രിതവും 250 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളുമാണ് ഇന്നലെ പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി വിലമതിപ്പുളള സ്വർണ മിശ്രിതവും ഈ മാസം തന്നെയാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം നവംബർ 30 വരെ പിടികൂടിയത് 130 കോടിയുടെ സ്വർണമാണ്. 253.33 കിലോ സ്വർണമാണ് കരിപ്പൂർ വഴി നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സ്വർണത്തിന്‍റെ വിപണിവില 129.34 കോടി വരും. നവംബറിൽ മാത്രം 21.25 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. ആകെ 320 കേസുകളാണ് ഈ വർഷം നവംബർ 30 വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം നവംബർ 30 വരെ പിടികൂടിയത് 130 കോടിയുടെ സ്വർണമാണ്
മുൻപ് ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വർണമെത്തിയിരുന്നതെങ്കിൽ പോയവർഷം പിടികൂടിയതിൽ അധികവും മിശ്രിത രൂപത്തിലുള്ളതാണ്. ക്യാംപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ കേസുകളാണ് കൂടുതൽ. കൂടാതെ ഗൃഹോപകരണങ്ങളുടെ രൂപത്തിലും വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചും, വിഗ്ഗിനുള്ളിൽ വെച്ചുമെല്ലാം സ്വർണം എത്തിയിട്ടുണ്ട്. കസ്റ്റംസിന് പുറമെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയ കേസുകളുമുണ്ട്. ഇത് കസ്റ്റംസിന്‍റെ കണക്കുകളിൽ വരില്ല. അതുകൊണ്ട് തന്നെ ആകെ പിടികൂടിയ സ്വർണത്തിന്‍റെ കണക്ക് കസ്റ്റംസ് കണക്കിനേക്കാൾ കൂടുതലാണ്.