കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബായിൽ നിന്നും വന്ന ഫ്‌ളൈദുബായ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ കാസർഗോഡ് യെദേടുക്ക സ്വദേശി മൊഹമ്മദ് കുടിങ്കില എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 27.53 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് കടത്താന്‍ ശ്രമിച്ചത്. ഗൃഹാലങ്കാര വസ്തുക്കളായ വേസ്, മൃഗങ്ങളുടെ മിനിയേച്ചർ രൂപം എന്നിവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
സ്വർണം ലെഡുമായി കലർത്തിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ പിടിച്ചെടുത്ത ഈ വസ്തുക്കളുടെ അടിഭാഗത്ത് മിശ്രിതം ഒളിപ്പിച്ചതായാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലും സ്വർണം വേർതിരിച്ചെടുത്തതിലൂടെയും 488 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു.
ശരാശരി ദിവസം ഒരു കേസ് എന്ന തോതിൽ പിടികൂടുമ്പോഴും സ്വർണം എത്തുന്നതിന് കുറവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥിരം കടത്തുകാർക്ക് പുറമെ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നവരെയും കള്ളക്കടത്ത് സംഘം ക്യാരിയറായി ഉപയോഗിക്കുന്നുണ്ട്. വിമാനയാത്ര ടിക്കറ്റും പ്രതിഫലവും കൊടുത്താണ് പലരെയും ക്യാരിയർ ആയി എത്തിക്കുന്നത്. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലൂടെയും സംസ്ഥാനത്തേക്ക് സ്വർണക്കടത്ത് നടക്കുന്നുണ്ട്.