ശമ്പള പ്രതിസന്ധിക്കിടെ കെഎസ്ആര്‍ടിസിക്ക് 50 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ശമ്പള വിതരണത്തിന് 50 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മൂന്നിലൊന്ന് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി ഈ തുക ഉപയോഗിക്കണമെന്നും, ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഓണക്കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടിരൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ച തുക പര്യാപ്തമല്ലെന്നാണ് തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനു മാത്രം 82 കോടി രൂപ ആവശ്യമാണ്. നിലവില്‍ രണ്ടുമാസത്തെ (ജൂലൈ, ആഗസ്റ്റ്) ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ആകെ 164 കോടി ശമ്പളയിനത്തില്‍ തന്നെ വേണ്ടിവരുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ 50 കോടി അനുവദിച്ചത്. ബാക്കി തുകയ്ക്ക് എന്തുചെയ്യുമെന്നോ മുഴുവന്‍ ശമ്പളം എന്ന് ലഭിക്കുമെന്നോ തൊഴിലാളികള്‍ക്ക് വ്യക്തമല്ല.
ഓണക്കാലത്ത് ജീവനക്കാരെ പട്ടിണിക്കിടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി സര്‍ക്കാറിനോട് പണം അനുവദിക്കാന്‍ നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പളം നല്‍കണമെന്നും കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.