സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്താ ജെറോമിന് മുന്‍ കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്താ ജെറോമിന് അധിക ശമ്പളം അനുവദിച്ചു. 8.50 ലക്ഷം രൂപയാണ് അുവദിച്ചത്. ഉത്തരവിന്റെ ആനുകൂല്യം മുന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷിനും ലഭിച്ചേക്കും
ചിന്ത ചുമതലയേറ്റെടുത്ത 2017 ജനുവരി ആറു മുതല്‍ പുതുക്കിയ ശമ്പളം നല്‍കി തുടങ്ങിയ 2018 മെയ് 26 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് ലഭിക്കുക. ഇക്കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. പുതുക്കിയ ശമ്പളത്തിന് നിയമന തിയതി മുതല്‍ പ്രാബല്യം നല്‍കിയതോടെ 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശികയായി ചിന്തയ്ക്ക് ലഭിക്കും.
ശമ്പള കുടിശിക നല്‍കാനുള്ള നീക്കം വിവാദമായപ്പോള്‍ താന്‍ കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നും വന്‍ തുക കുടിശിക ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്യുമെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു കത്ത് ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനുവരി 24ന് ഇറങ്ങിയ പുതിയ ഉത്തരവില്‍ ശമ്പള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റ് 20 ന് സര്‍ക്കാരിന് കത്ത് നല്‍കിയതായി പറയുന്നുണ്ട്. ചെയര്‍ പേഴ്സണായി നിയമിതയായ തിയതി മുതല്‍ ചട്ടങ്ങള്‍ രൂപവത്ക്കരിക്കപ്പെട്ട കാലയളവ് വരെ കൈ പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ് എന്നും ആയതിനാല്‍ അക്കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഈ ഉത്തരവിന്റെ ആനുകൂല്യം കമ്മീഷന്റെ ആദ്യ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷിനും ലഭിക്കും. അഞ്ചു വര്‍ഷം മാസ ശമ്പളം 50000 രൂപ വാങ്ങിയാണ് രാജേഷ് പദവി വഹിച്ചത്. ശമ്പളം ഒരു ലക്ഷമായി നിജപ്പെടുത്തിയപ്പോള്‍ തനിക്കും ആ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. രാജേഷിനു 30 ലക്ഷം രൂപ കുടിശികയായി ലഭിക്കും.
ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. യുവജന കമ്മീഷന് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത് 2018 മെയ് 25നാണ്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം1 ലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.