KERALA

വെളിച്ചം കാണാതെ അന്ധവിശ്വാസ- അനാചാര നിർമ്മാർജ്ജന ബില്‍; കരട് തയ്യാറായിട്ടും നിയമസഭയിലെത്തിയില്ല

എ വി ജയശങ്കർ

അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന ഇലന്തൂരില്‍ നിന്നുള്ള വാര്‍ത്ത കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേരളത്തില്‍ വർധിച്ച് വരുന്ന അന്ധവിശ്വാസങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളില്ലെന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നത്. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ 2021 ഓഗസ്റ്റ് ആറിന് എംഎല്‍എ കെ ഡി പ്രസേനന്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച ഘട്ടത്തിലാണ് സംസ്ഥാനത്ത് സമാനമായ കരട് ബില്‍ സര്‍ക്കാര്‍ തയാറാക്കിയതായി അറിയിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമുള്ള നിയമങ്ങളുടെ മാതൃകയില്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ കൈമാറി
PMBR Bill - No.13 (1).pdf
Preview

(കെ ഡി പ്രസേനന്‍ നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്‍റെ പൂർണ്ണ ഭാഗം )

സമൂഹത്തില്‍ വ്യാപിച്ച് കിടക്കുന്ന അനാചാരങ്ങള്‍ തടയാന്‍ വിപുലമായ അധികാരങ്ങളാണ് പോലീസിന് ബില്ല് നല്‍കുന്നത്

നിയമപരിഷ്‌കരണ കമ്മീഷന്റെ കൂടി അഭിപ്രായം പരിഗണിച്ച് സർക്കാർ നിയമനിര്‍മാണം നടത്തുമെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമുള്ള നിയമങ്ങളുടെ മാതൃകയില്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ കൈമാറി.' ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021 എന്ന് പേരിട്ട ബില്ല് നിയമ വകുപ്പ് സങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണയാക്കായി കൈമാറി. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.

സമൂഹത്തിലെ അനാചാരങ്ങള്‍ തടയാന്‍ പോലീസിന് വിപുലമായ അധികാരങ്ങളാണ് ബില്ല് നല്‍കുന്നത്. തട്ടിപ്പ് കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താനും ആവശ്യമെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കാനും പോലീസിന് അധികാരം നല്‍കുന്നു. അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50,000 രൂപവരെ പിഴയും ലഭിക്കും.

അനാചാരങ്ങള്‍ അനുഷ്ടിക്കുന്നതിനിടെ പരുക്കുകളോ മരണമോ സംഭവിച്ചാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഐപിസി 300, 326 വകുപ്പുകള്‍ അനുസരിച്ച് കേസ് എടുക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മതസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നടന്ന് വരുന്ന ജീവഹാനിയാകാത്ത പ്രവർത്തനങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസ് 2017 -ല്‍ സമാനമായ ഒരു സ്വകാര്യബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. എന്നാല്‍ അതും അംഗീകരിക്കപ്പെട്ടില്ല

സര്‍ക്കാര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇരയായവര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കരട് ബില്ല് നിർദേശിക്കുന്നു. ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. എന്നാല്‍ അന്ധവിശ്വസങ്ങളെ തുടച്ച് നീക്കേണ്ട സുപ്രധാനമായ ബില്ല് സഭയുടെ മേശപ്പുറത്ത് കൊണ്ട് വരാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെട്ടില്ലെന്ന് സഭാ രേഖകള്‍ വ്യക്തമാക്കുന്നത്.

2014ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യമായി അന്ധവിശ്വാസങ്ങള്‍ തടയുന്നതിന് നിയമ നിര്‍മ്മാണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കേരളാ എക്‌സ്‌പ്ലോയിറ്റേഷന്‍ ബൈസൂപ്പര്‍സ്റ്റിഷന്‍ (പ്രിവന്‍ഷന്‍) ആക്ട് 2014, എന്ന കരട് ബില്ല് നിയമ വകുപ്പ് തയ്യാറാക്കിയെങ്കിലും സഭയുടെ മേശപ്പുറത്ത് വന്നില്ല. 2017 ല്‍ മരണമടഞ്ഞ മുന്‍ എംഎല്‍എ പിടി തോമസ് സമാനമായ ഒരു സ്വകാര്യബില്ല് സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. എന്നാല്‍ അതും അംഗീകരിക്കപ്പെട്ടില്ല.

Bill No.64 - mal (1) (1).pdf
Preview

(പിടി തോമസ് എംഎല്‍എ അവതരിപ്പിച്ച സ്വകാര്യബില്ലിന്‍റെ പകർപ്പ്)

സംസ്ഥാനത്ത് കൃത്യമായ നിയമങ്ങൾ ഇല്ലാത്തതിനാൽ അന്ധവിശ്വാസങ്ങളിലേക്ക് ആളുകൾ ആകൃഷ്ടരാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ദ ഫോര്‍ത്തിനോട് പറഞ്ഞു. അടിയന്തരമായി ബില്ല് സഭയുടെ മേശപ്പുറത്ത് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും അദേഹം വ്യക്തമാക്കി.

ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സെക്ഷന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കരട് ബില്ല് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും