KERALA

ചാൻസലറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ, ഒപ്പിടുന്നതാണ് ജനാധിപത്യ മര്യാദയെന്ന് മന്ത്രി ബിന്ദു

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി പകരം വിദഗ്ധരെയോ മന്ത്രിക്കോ ചുമതല നൽകാനാണ് സർക്കാരിന്റെ ശ്രമം

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാന്‍സലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ച് സർക്കാർ. രണ്ട് ദിവസം മുമ്പാണ് ഓർഡിനൻസ് തയ്യാറാക്കിയെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. ഓർഡിനൻസ് ഗവർണർക്ക് അയക്കാൻ വൈകിയത് ഏറെ ഊഹാപോഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി പകരം വിദഗ്ധരെയോ മന്ത്രിക്കോ ചുമതല നൽകാനാണ് സർക്കാരിന്റെ ശ്രമം. ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകുന്ന ഗവർണർ 20നാണ് തിരിച്ചെത്തുക.

തന്നെ ബാധിക്കുന്ന ഓർഡിനന്‍സ് ആയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പുവെയ്ക്കുകയാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണർ ഓർഡിനൻസ് രാഷ്ട്രപതിയ്ക്ക് അയച്ചാൽ, അതിൽ തീരുമാനം ഉണ്ടാകുന്നതുവരെ ഓർഡിനൻസിന് പകരമുള്ള ബില്‍ നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിയില്ല. ഓർഡിനൻസിൻ്റെ കാര്യത്തിൽ സമയബന്ധമായി തീരുമാനമെടുക്കാനുളള ബാധ്യതയും രാഷ്ട്രപതിക്കില്ല. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് രാഷ്ട്രപതി തീരുമാനമെടുക്കുക. ഗവർണർ ഓർഡിനൻസിനെതിരെ നീങ്ങുകയാണെങ്കിൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള, നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്.

അതേസമയം, ഓര്‍ഡിനന്‍സ് വരുന്നതിനു മുന്‍പ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ പറയുമെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി പി രാജീവ് പറഞ്ഞു. മുന്‍വിധിയോടെ കാണേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് ഗവർണർ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. നാടിന്റെ വികസനം ഗവര്‍ണര്‍ തടസ്സപ്പെടുത്തുന്നു. ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ സർവകലാശാലകളുടെ ചാന്‍സലറായി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്