ഷവര്‍മ നിര്‍മാണത്തിനും വില്‍പനയ്ക്കും മാര്‍ഗ നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവർമ വില്‍പന നിയന്ത്രിക്കുന്നതിനാണ് നടപടി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നുവെന്ന് പരാതിയുയർന്നതോടെയാണ് നീക്കം. ലൈസന്‍സില്ലാതെ ഷവര്‍മ വിറ്റാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷ.
കഴിഞ്ഞ മെയ് മാസത്തില്‍ ഷവര്‍മ കഴിച്ച് കാസര്‍ഗോഡ് ചെറുവത്തൂരില്‍ പെണ്‍കുട്ടി മരിക്കുകയും പലർക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വൃത്തിഹീനമായ സാഹചര്യത്തിലെ ഷവര്‍മ വില്‍പന വ്യാപകമായി ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കുന്നുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണ്ടെത്തല്‍. ഉത്തരവ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.
പുറത്തെ താപനിലയില്‍ 2 മണിക്കൂറിലധികം മയണൈസ് വയ്ക്കാന്‍ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.
ഷവര്‍മ പാചകം ചെയ്യുന്നത് വൃത്തിയുള്ള സ്ഥലത്ത് നിന്നാകണം. പൊടിപടലങ്ങള്‍ ഏല്‍ക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇറച്ചി മുറിച്ചെടുക്കാന്‍ വൃത്തിയാക്കിയ കത്തി ഉപയോഗിക്കണം. മാലിന്യങ്ങള്‍ യഥാസമയം നിര്‍മാര്‍ജനം ചെയ്യാന്‍ കാലുകൊണ്ട് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വേസ്റ്റ് ബിന്‍ ഉപയോഗിക്കണം. ഭക്ഷണം പാകം ചെയ്യുന്നവരും വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കയ്യുറ, തൊപ്പി, പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട മേല്‍ വസ്ത്രം എന്നിവ ധരിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഷവര്‍മ പാര്‍സല്‍ നല്‍കുമ്പോള്‍ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര പരിശോധനാ സമിതി അംഗീകാരമുള്ള വ്യാപാരികളില്‍ നിന്ന് മാത്രമേ ഷവര്‍മ തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാവൂ എന്ന് തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
ഇതുകൂടാതെ, പാചകം ചെയ്യുന്നതിനും മാർഗനിർദേശങ്ങളുണ്ട്. ചിക്കന്‍ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടര്‍ച്ചയായി വേവിക്കണം. അരിഞ്ഞ് വച്ച ശേഷവും ഇത് വേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും കോഴിയിറച്ചി 74 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും രണ്ടാമത് വേവിക്കണം. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ ഉണ്ടാകണം. ഷവര്‍മയ്‌ക്കൊപ്പം മയണൈസ് നിര്‍മാണത്തിനും മാര്‍ഗ നിര്‍ദേശമുണ്ട്. പുറത്തെ താപനിലയില്‍ രണ്ട് മണിക്കൂറിലധികം മയണൈസ് വയ്ക്കാന്‍ പാടില്ല. ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് നാല് ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. ഇത് രണ്ട് ദിവസത്തിനുശേഷം ഉപയോഗിക്കാന്‍ പാടില്ലെന്നും പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിര്‍മാണത്തിന് ഉപയോഗിക്കാവൂ എന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.