കെഎസ്ആർടിസി  
KERALA

കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം തേടി സര്‍ക്കാര്‍; യൂണിയനുമായി ചർച്ച ഇന്ന്; ശമ്പളവിഷയത്തില്‍ ഹർജി ഹൈക്കോടതിയില്‍

തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

വെബ് ഡെസ്ക്

കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം തേടി സര്‍ക്കാര്‍. പ്രശ്നങ്ങൾ ച‍‍ർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന് നടക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ക്ഷണിച്ചിട്ടുള്ള ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിൽ മന്ത്രി വി ​ശിവന്‍കുട്ടിയും പങ്കെടുക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം, ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ഉറപ്പാക്കണമെന്നും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കരുതെന്നും ഉള്‍പ്പെടെ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളാകും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തൊഴിലാളി, മാനേജ്മെന്റ് പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുകയാണ് പ്രധാനം. എന്നാല്‍, എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ഉറപ്പാക്കണമെന്നും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കരുതെന്നും ഉള്‍പ്പെടെ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.

യൂണിയന്‍ പ്രതിനിധികളുമായി നേരത്തെ നടത്തിയ യോഗത്തില്‍ ഈ മാസം പത്താം തീയതിക്കുമുമ്പ് ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് പാലിക്കാതിരുന്നതോടെയാണ് തൊഴിലാളികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ശമ്പള കാര്യത്തിൽ നല്‍കിയ ഉറപ്പ് പാലിക്കാതിരുന്ന മാനേജ്മെന്‍റിനേയും സർക്കാരിനെയും കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍, ഇന്നത്തെ ചര്‍ച്ചയില്‍ കോടതിയുടെ പരാമർശങ്ങള്‍ യൂണിയന്‍ പ്രതിനിധികള്‍ ഉയര്‍ത്തിയേക്കും. സിംഗിൾ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ജൂലൈ മാസത്തെ ശമ്പളം ഈ മാസം പത്തിനകം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു

ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജൂലൈ മാസത്തെ ശമ്പളം നൽകാനായി പത്ത് ദിവസം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ച കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളം ഈ മാസം പത്തിനകം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു സത്യവാങ്മൂലം. ഈ ഉത്തരവ് നടപ്പാക്കാതിരുന്നാൽ സിഎംഡിക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.

കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതും തിരിച്ചടിയായി. 90 ശതമാനം തൊഴിലാളികൾക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂണിയന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ