KERALA

അന്‍വറിന്റെ പോര്‍വിളിയില്‍ വീണ്ടും നടുങ്ങി സിപിഎം; മുഖംരക്ഷിക്കുമോ ശശിധരനെയും ബെന്നിയെയും അടക്കം സ്ഥലംമാറ്റിയുള്ള പോലീസിലെ അഴിച്ചുപണി?

ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

വെബ് ഡെസ്ക്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ സിപിഎം സംസ്ഥാനനേതൃത്വത്തിനു വീണ്ടും മുട്ടുവിറച്ചു. മലപ്പുറം പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി മുഖംരക്ഷിക്കാനാണ് പാര്‍ട്ടിയും സര്‍ക്കാരും ഇന്ന് ശ്രമിച്ചത്. ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി അന്‍വറിനെ 'തണുപ്പിക്കാനുള്ള' ശ്രമമാണ് ആഭ്യന്തര വകുപ്പിന്റേത്.

ജില്ലയിലെ പോലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മലപ്പുറം എസ്പി ശശിധരന്‍, മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്പി വിവി ബെന്നിയടക്കം ജില്ലയിലെ എല്ലാ ഡിവൈസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെ എല്ലാ സബ്ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ശശിധരന് പകരം പോലീസ് ആസ്ഥാന എഐജി വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി.

അന്‍വറിന് ആദ്യം വഴങ്ങേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടിനേതൃത്വം ഇപ്പോള്‍ നിലപാട് മാറ്റിയത് കെടി ജലീല്‍ അടക്കം കൂടുതല്‍ എംഎല്‍എമാര്‍ അന്‍വറിന് പിന്തുണയുമായി രംഗത്തു വന്നതോടെയാണ്. ഇതിനു പുറമേ അന്‍വര്‍ ഉയര്‍ത്തിയ വിവാദക്കൊടുങ്കാറ്റ് ഇടതുമുന്നണിയിലും പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു.

പോലീസും സിപിഎം നേതൃത്വവുമായി ചേര്‍ന്ന് നടത്തുന്ന 'ദുരൂഹ' ഇടപാടുകള്‍ കമ്യൂണിസ്റ്റിന് യോജിച്ചതല്ലെന്ന നിലയില്‍ നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുറന്നടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

എന്നാല്‍ അതിനു പിന്നാലെ മലപ്പുറം ജില്ലയിലും പോലീസും സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപാടുകള്‍ ഉണ്ടെന്ന് ഭരണകക്ഷിയിലെ തന്നെ എംഎല്‍എയായ അന്‍വര്‍ പരസ്യ ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തതോടെ സിപിഐ കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.

സിപിഎം എംഎല്‍എമാര്‍ക്കു പിന്നാലെ ഇടതുമുന്നണിയിലെ പ്രധാന സഖ്യകക്ഷി കൂടി അന്‍വറിനു പിന്തുണയുമായി രംഗത്തു വന്നതോടെ അഴിച്ചുപണി നടത്താതെ മറ്റുപോംവഴി ഇല്ലെന്നു തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമടക്കം എതിരെ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി സിപിഎം രംഗത്തു വന്നിരുന്നു. അന്‍വറിന്റെ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നായിരുന്നു തീരുമാനം.

വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ എംവി ഗോവിന്ദന്‍ അന്വേഷണറിപ്പോര്‍ട്ട് വരും വരെ പോലീസ് തലത്തില്‍ നടപടി ഉണ്ടാകേണ്ട കാര്യമില്ലെന്നും വ്യംഗ്യമായി സൂചിപ്പിച്ചു. അന്‍വര്‍ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.

പി വി അന്‍വറിനെ കുറിച്ച് പണ്ട് മാധ്യമങ്ങടക്കം പറഞ്ഞത് എന്തൊക്കെയാണ് എന്നു ഒന്നുകൂടി പരിശോധിക്കണം. ഇപ്പോള്‍ ഒരുഅവസരം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായാണ് അന്‍വറിനെ ചിലര്‍ കൂട്ടുപിടിക്കുന്നതെന്നും ഗോവിന്ദന്‍. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളുമാണ് ഇതിന് പിന്നില്‍. ആ ഉദ്ദേശ്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അക്രമരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് ഈ വിഷയത്തെ ഉപയോഗിക്കുന്നു. പോലീസിനെ നേരിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി