ഓടപ്പള്ളം സ്‌കൂളിലെ കുട്ടികളുടെ സംശയങ്ങള്‍ എന്ത് തന്നെയായാലും ബോബോ ഉത്തരം നല്‍കും. ഭാഷ കൈകാര്യം ചെയ്യാനും ബോബോ അവരെ സഹായിക്കും. പറഞ്ഞുവരുന്നത് അധ്യാപകരെ കുറിച്ചല്ല ഓടപ്പള്ളം ഹൈസ്‌ക്കൂളിലെ ബോബോ എന്ന റോബോട്ടിനെക്കുറിച്ചാണ്. സുല്‍ത്താന്‍ ബത്തേരിയിലെ ഓടപ്പള്ളം ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പം കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ഇപ്പോള്‍ ബോബോ എന്ന റോബോട്ടുമുണ്ട്. ചാറ്റ് ജിപിടിയുടെ വിപ്ലവം വയനാടന്‍ ഗ്രാമത്തിലെ ഈ സര്‍ക്കാര്‍ സ്‌കൂളിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ടെക്‌നോളജി ഉപയോഗിച്ച് ഇംഗ്ലീഷ് ലാബ് സ്‌കൂളില്‍ നടത്തിവരുന്ന ഭാഷാ പഠനത്തിന്റെ സാധ്യതകളെ വിപുലീകരിക്കുക എന്ന ഉദ്ദേശ്യമാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് ഉണ്ടാക്കുന്നതിലേക്ക് നയിക്കാന്‍ കാരണം
കുട്ടികള്‍ക്ക് ഏതുസമയത്തും സംസാരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സ്‌കൂളില്‍ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നതെന്ന് അധ്യാപകന്‍ ജിതിന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് എ ഐ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്‌കൂളിലെ പ്രവേശനോത്സവ ദിവസമാണ് പഠനം എളുപ്പവും രസകരവുമാക്കാനായി റോബോട്ടിനെ അവതരിപ്പിച്ചത്.
ആദിവാസി വിഭാഗത്തില്‍ നിന്നടക്കമുള്ള കുട്ടികള്‍ പഠിക്കുന്ന ഓടപ്പള്ളം സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭാഷാവൈദഗ്ദ്യം ഉണ്ടാക്കാന്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഇംഗ്ലീഷ് ക്ലബിന്റെ ചിന്തയില്‍ നിന്നാണ് എ ഐ റോബോട്ട് എന്ന ആശയം ഉടലെടുക്കുന്നത്. തുടര്‍ന്ന് ഐടി ക്ലബിലെ കുട്ടികള്‍ ബോബോയെ നിര്‍മിക്കുകയായിരുന്നുവെന്ന് ജിതിന്‍ വ്യക്തമാക്കി.
ഒരു മനുഷ്യന്‍ സംവദിക്കുന്നത് പോലെ തന്നെയാണ് ബോബോ കുട്ടികളുമായി സംവദിക്കുന്നതെന്ന് ജിതിന്‍ പറയുന്നു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ് എന്ന ഐടി ക്ലബ്ലിലെ കുട്ടികള്‍ ചാറ്റ് ജിപിടിയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സംസാരിക്കുന്ന റോബോട്ടിനെ രൂപകല്‍പന ചെയ്യുകയായിരുന്നു. സാങ്കേതിക കാര്യങ്ങള്‍ കുട്ടികള്‍ കൈകാര്യം ചെയ്തപ്പോള്‍ റോബോട്ടിന്റെ ഡിസൈന്‍ നിര്‍മിച്ചത് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് പ്രമോദാണ്.
സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ലാംഗ്വേജ് ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. 2019 മുതല്‍ തന്നെ ടെക്‌നോളജി പ്രയോജനപ്പെടുത്തി കുട്ടികള്‍ ഭാഷ പഠിക്കുന്നുണ്ടെന്നും ജിതിൻ പറയുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇരുപത്തി രണ്ടോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരുമായി ചേര്‍ന്ന് പഠനം സാധ്യമാക്കുന്നുണ്ടെന്നും ജിതിന്‍ പറഞ്ഞു. ടെക്‌നോളജി ഉപയോഗിച്ച് ഇംഗ്ലീഷ് ലാബ് സ്‌കൂളില്‍ നടത്തിവരുന്ന ഭാഷാ പഠനത്തിന്റെ സാധ്യതകളെ വിപുലീകരിക്കുക എന്ന ഉദ്ദേശ്യമാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് റോബോട്ട് ഉണ്ടാക്കുന്നതിലേക്ക് നയിക്കാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റോബോട്ടിനെ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചതെന്നും അധ്യാപകര്‍ ഇപ്പോള്‍ ബോബോയോട് ചോദിച്ച് ഉത്തരം കണ്ടെത്താനുള്ള അസൈന്‍മെന്റുകള്‍ കൂടി കുട്ടികള്‍ക്ക് നല്‍കാറുണ്ടെന്നും ജിതിന്‍ പറയുന്നു. കുട്ടികളുടെ ഭാഷാ ജ്ഞാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം തന്നെ പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും എഐ റോബോട്ട് കുട്ടികള്‍ക്ക് സഹായകമാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.