പോലീസ് അക്കാദമിയുമായി ബന്ധപ്പെട്ട നിര്‍മാണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് താക്കീത് നല്‍കി സര്‍ക്കാര്‍. അംഗീകാരമില്ലാത്ത പദ്ധതിക്ക് ഫണ്ട് വകമാറ്റിയത് ചട്ടവിരുദ്ധമാണെന്ന് ഡിജിപി അനില്‍ കാന്തിനയച്ച കത്തില്‍ വിമർശിക്കുന്നു. ഇത് പോലീസിന്റെ പതിവ് പരിപാടിയാണെന്നും വിമർശനമുണ്ട്. വകമാറ്റിയ ഫണ്ടിന്റെ ബാധ്യത പോലീസ് മേധാവിക്കാണെന്ന് സർക്കാർ മുന്നറിയിപ്പ് നല്‍കി.
പോലീസ് വകുപ്പിനുള്ളിലെ നിർമാണ പ്രവർത്തനങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച ഫണ്ട് അനുമതിയില്ലാത്ത മറ്റ് നിർമാണങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് കത്ത് സ്ഥിരീകരിക്കുന്നത്. മുന്‍പ് അനുവദിച്ച ഫണ്ടില്‍ നിർമാണപ്രവർത്തിക്ക് ശേഷം ബാക്കിയായ തുക അംഗീകാരമില്ലാത്ത പദ്ധതിക്കായി ചെലവഴിച്ചു. മുന്‍പ് രണ്ട് പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ ബാക്കിയായ 8,26,946 രൂപ വകമാറ്റി ചെലവഴിച്ചെന്ന് ആഭ്യന്തര വകുപ്പ് അയച്ച കത്തില്‍ പറയുന്നു.
8,26,946 രൂപയില്‍ നിന്ന് മറ്റ് നിർമാണത്തിന് ചെലവഴിച്ച ശേഷം ബാക്കിയായ 1,18,079 രൂപ വീണ്ടും സർക്കാർ അനുമതിയില്ലാതെ പോലീസ് അക്കാദമിയിലെ എംടിഐ ഓഫീസിന് മുന്‍പിലെ വെഹിക്കിള്‍ ഷെഡ് നിർമാണത്തിനായും വകമാറ്റി. സർക്കാരിന്റെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ക്രമവിരുദ്ധമായി പോലീസ് ഡിപ്പാർട്ട്മെന്റ് ഇടപെട്ടെന്നാണ് കത്തിലെ വിമർശനം.