കേരള ഫിഷറീസ് - സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ ഇടക്കാല വൈസ് ചാന്‍സലറായി ഡോ. റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ചു. മുന്‍ വി സി റിജി ജോണിനെ പുറത്താക്കിയതിന് പകരമാണ് റോസലിന്‍ഡ് ജോര്‍ജിനെ ഇടക്കാല വിസിയായി നിയമിച്ചത്. റിജി ജോണിന്റെ ഭാര്യയാണ് റോസലിന്‍ഡ്.
നിലവില്‍ കുഫോസ് അധ്യാപികയും ഡീനുമാണ് റോസലിന്‍ഡ്. നിലവിലെ ചുമതലകള്‍ക്ക് പുറമെ വി സിയുടെ അധിക ചുമതലയും ഉടന്‍ ഏറ്റെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. യുജിസി മാര്‍ഗ്ഗനിര്‍ദേശങ്ങളും സര്‍വകലാശാല നിയമവും പാലിച്ചാണ് നിയമനമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുഫോസ് വിസിയായിരുന്ന ഡോ. കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന വാദം അംഗീകരിച്ചായിരുന്നു നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഹൈക്കോടതി ഉത്തരവ് വഴി പുറത്തായ മുന്‍ വി സി റിജി ജോണ്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല.
കുഫോസ് വിസിയായി റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. റിജി ജോണിന്റെ നിയമനത്തില്‍ യുജിസി ചട്ടം ലംഘിച്ചെന്ന വാദം കോടതി അംഗീകരിച്ചു. വിവിധ കാരണങ്ങളാല്‍ നിയമനം നിലനില്‍ക്കുന്നതല്ല. യുജിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ യുജിസി മാനദണ്ഡം അനുസരിച്ച് പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.